ഓർമയിൽ നിറയുന്ന പപ്പയും കോഴിക്കോടൻ നോമ്പ് കാലവും
text_fieldsകുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടിലെ നോമ്പുകാലമാണ് മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റിന് തൊട്ടടുത്തായിരുന്നു ഉമ്മയുടെ തറവാട് വീട്. ഉമ്മാമയും ഉമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളുമൊക്കെയായി ഒരുപാട് അംഗങ്ങളുള്ള വലിയ കൂട്ടൂകുടുംബം. റമദാനിലെ ഓരോ ദിനവും ഞങ്ങൾ കുട്ടികൾക്ക് ആഘോഷ പ്രതീതിയായിരുന്നു. നോമ്പ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പേ തന്നെ ഉമ്മാമ അത്താഴച്ചോറ് കഴിക്കാനുള്ള പലതരം അച്ചാറുകൾ ഉണ്ടാക്കി നടുവിലകം എന്നു വിളിക്കുന്ന മുറിയിലെ ഷെൽഫിൽ നിരത്തും. നോമ്പ് മാസത്തിന്റെ ആദ്യ ദിവസം പുതിയ വസ്ത്രം ധരിക്കണമെന്ന് വീട്ടിൽ എല്ലാവർക്കും നിർബന്ധമുള്ളതുകൊണ്ട് ഒരു പുതിയ നൈറ്റിയോ തട്ടമോ എങ്കിലും വാങ്ങി ധരിച്ചുകൊണ്ടായിരിക്കും 'തലോമ്പ്'എന്നു വിളിക്കുന്ന ഞങ്ങളുടെ ആദ്യ നോമ്പ്.
അന്ന് വീട്ടിൽ ഒരുപാട് അംഗങ്ങളുള്ളതുകൊണ്ട് രാവിലെ തന്നെ നോമ്പിന്റെ ഭാഗമായുള്ള ഒരുക്കം എല്ലാവരും ചേർന്ന് തുടങ്ങും. നോമ്പുതുറ സമയത്ത് റെയിൽവേ ഗേറ്റ് അടച്ചാൽ പലർക്കും നോമ്പു തുറക്ക് അവരവരുടെ വീടുകളിൽ എത്താൻ സാധിക്കാതെ വരും. ഞങ്ങളുടെ വീട് ഗേറ്റിന്റെ തൊട്ടടുത്തു തന്നെയായതുകൊണ്ട് എല്ലാ ദിവസവും അങ്ങനെയെത്തുന്ന അതിഥികൾക്ക് കൂടി കണക്കാക്കി വീട്ടിൽ നോമ്പുതുറ വിഭവം ഉണ്ടാക്കിയിരുന്നു. മതസൗഹാർദവും മനുഷ്യത്വവും നിറഞ്ഞ കൊടുക്കൽ വാങ്ങലുകളുടെ കാലമായിരുന്നല്ലോ അത്. കൊടുക്കുന്നതിലും ത്യജിക്കുന്നതിലും മനസ്സറിഞ്ഞ് സന്തോഷം കണ്ടെത്തിയ കാലം.
രാത്രികാല പ്രാർഥന നിർവഹിക്കാൻ ഒരുപാടുപേർ അന്ന് വീട്ടിലേക്ക് വരുമായിരുന്നു. എല്ലാ ദിവസവും തറാവീഹ് നമസ്കരിക്കാനെത്തുന്ന അവരെയൊക്കെ കാണാൻ സാധിക്കുന്നത് മനസ്സിനൊരുപാട് സന്തോഷം നൽകുന്ന കാഴ്ചയായിരുന്നു. ഉമ്മമാർ നമസ്കരിക്കാൻ വേണ്ടി വരുമ്പോൾ അവരോടൊപ്പം കുട്ടികളുമുണ്ടാകും. അങ്ങനെ വരുന്ന കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കാൻ ഞങ്ങൾ കുട്ടികൾക്ക് കിട്ടുന്ന സമയമായിരുന്നു അത്. നമസ്കാരം കഴിഞ്ഞ് രാത്രി 11 ആകുമ്പോൾ മുത്താഴ ചായ എന്ന പേരിൽ ഒരു സ്പെഷൽ ചായ ഉണ്ടാകും. ഉമ്മാമാന്റെ കൂടെ പോയി വീട്ടുപറമ്പിലെ മുല്ലപ്പൂക്കൾ പറിച്ചുകൊണ്ട് വന്ന് ചായ കുടിച്ചുകൊണ്ട് മുല്ലപ്പൂമാല കോർക്കും.
ഒരിക്കലും മനസ്സിൽനിന്ന് മായാതെനിൽക്കുന്ന കുട്ടിക്കാലത്തെ മറ്റൊരു ഓർമച്ചിത്രം അത്താഴ സമയത്ത് പപ്പയോടൊത്ത് ചെലവഴിച്ച നിമിഷങ്ങളാണ്. അത്താഴത്തിനായി പപ്പയുടെ ഭക്ഷണം പഴവും മുട്ടയും ഉലർത്തിയതും ഒപ്പം കടുപ്പത്തിലുള്ള ഒരു ചായയുമായിരുന്നു. ആ സമയത്ത് തറവാട്ടിൽ അത്താഴത്തിനു കുട്ടികൾ നിർബന്ധമായും ചോറു കഴിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടും കുട്ടികളായ ഞങ്ങൾക്ക് ചോറ് കഴിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടും പപ്പയുടെ കൂടെ കൂടാറാണ് പതിവ്. അത്താഴം കഴിഞ്ഞതിനുശേഷം പപ്പയുടെ കൂടെ കളിയും ചിരിയും കഥകളുമൊക്കെയായി ഞാനും ഉമ്മയും സഹോദരങ്ങളും പങ്കുവെച്ച നിമിഷങ്ങളൊക്കെ ഇന്ന് പപ്പ വേർപിരിഞ്ഞുപോയ ഓർമനാളിൽ വിങ്ങലോടെയല്ലാതെ ഓർക്കാൻ കഴിയില്ല. ഒമ്പതു വർഷം മുമ്പുള്ള ഒരു റമദാനിലെ പത്താമത്തെ നോമ്പു നാളിലായിരുന്നു പപ്പയുടെ വേർപാട്.
എന്റെ വ്യക്തിത്വ വികാസത്തിൽ ഒരു പാട് പങ്കുവഹിച്ച നാളുകളായിരുന്നു പപ്പയോടൊത്തുള്ള റമദാൻ കാലം. നോമ്പല്ലാത്ത സമയത്ത് അർധരാത്രി വരെ നീളുന്ന കഥപറച്ചിലുകളിലൂടെ ലോകത്തെയും മനുഷ്യരെയും അറിയാനും മൂല്യങ്ങളെക്കുറിച്ച് പഠിക്കാനും ആകാശത്തിനും ഭൂമിക്കുമിടയിൽ എന്തിനെക്കുറിച്ചും സംസാരിക്കാനും പപ്പ തരുന്ന കരുത്ത് എനിക്ക് തണലായിരുന്നു. നോമ്പ് കാലത്താണെങ്കിൽ അത്താഴം കഴിഞ്ഞ് ഞങ്ങൾ മണിക്കൂറൂകളോളം സംസാരിക്കും. ആ സല്ലാപം രാവിലെ ക്ലാസിലേക്ക് പോകുന്ന സമയം വരെ നീളുമായിരുന്നു. ഇപ്പോൾ ആ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആ റമദാനിലെ ഓരോ ദിനങ്ങളും എത്രയേറെ അർഥവത്തായ നിമിഷങ്ങളാണ് ജീവിതത്തിനു സമ്മാനിച്ചതെന്ന് വേദനയോടെ ഓർക്കുന്നു. കാരണം ആ ഓർമകളിൽ നിറയുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവരൊക്കെ തന്ന ആ റമദാൻ ഓർമകൾ ഒരിക്കലും മരിക്കുന്നില്ല.
വായനക്കാർക്ക് എഴുതാം
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.