മീത്തൽപള്ളിയിലെ നോമ്പോർമകൾ
text_fieldsനോമ്പുകാലത്തിന്റെ മധുരമുള്ള ഓർമകൾ കുട്ടിക്കാലത്തേതാണ്. കോഴിക്കോട് ജില്ലയിലെ തിക്കോടിക്ക് അടുത്തുള്ള മീത്തൽപള്ളിയിലെ നോമ്പുതുറയാണ് ആ നാളുകളിലെ സന്തോഷം. റമദാൻ ദിനങ്ങളിൽ പാതിരാത്രിയിലെ അത്താഴവും സുബ്ഹി നമസ്കാരവും കഴിഞ്ഞ് നീണ്ട ഉറക്കമാണ്. മിക്കവാറും ആ ഉറക്കത്തിന്റെ ദൈർഘ്യം ഉച്ചക്കുള്ള ളുഹർ ബാങ്കിന്റെ ഒരു മണിക്കൂർ മുമ്പുവരെ നീണ്ടുനിൽക്കും. അതല്ലെങ്കിൽ വീട്ടിലെ കോളിങ് ബെല്ലിന്റെ രൂപത്തിൽ ഉറ്റചങ്ങാതി മുജീബ് വന്ന് വിളിക്കുന്നതുവരെയോ ആയിരിക്കും.
മുജീബിനെ കണ്ടാൽ ചാടി എഴുന്നേറ്റ് ഫ്രഷായി ബൈക്കും എടുത്ത് നേരെ തഖ്വ പള്ളിയിലേക്ക് ഒരു ഓട്ടപ്പാച്ചിലാണ്. ളുഹർ നമസ്കാരത്തിന് ശേഷം കൂട്ടുകാരുടെ സൊറപറയലിന്റെ കേന്ദ്രമായ മജീദ്ക്കയുടെ പി.കെ പീടികയുടെ വരാന്തയിലേക്ക് നേരെ ഒരു പോക്കാണ്. റമദാൻ ഒന്ന് ആയത് കൊണ്ടുതന്നെ അന്നത്തെ ചർച്ച നോമ്പ് തുറക്കാനുള്ള പള്ളിയുടെ ലിസ്റ്റിടലാണ്. ആദ്യത്തെ പത്ത് നോമ്പ് തുറക്കാനുള്ള പള്ളികളുടെ ലിസ്റ്റായിരിക്കും ആദ്യം ഇടുക. തൊട്ടടുത്ത പ്രദേശങ്ങളിലെ സമ്പന്നർ താമസിക്കുന്ന ഭാഗങ്ങളിലെ പള്ളികളായിരിക്കും ആദ്യലിസ്റ്റിൽ ഇടംപിടിക്കുക. അവിടെ ആകുമ്പോൾ നോമ്പ് തുറക്കാൻ നല്ല വിഭവങ്ങൾ ഉണ്ടാകും.
മിക്കവാറും അത് ചിരച്ചിൽ പള്ളിയോ അല്ലെങ്കിൽ, മീത്തൽ പള്ളിയോ ആയിരിക്കും. റമദാനിലെ ആദ്യ നോമ്പുദിനത്തിൽ വൈകുന്നേരത്തെ മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പായി നിശ്ചയിച്ചപോലെ മീത്തൽപള്ളി ലക്ഷ്യമാക്കി നീങ്ങും. പള്ളിയുടെ ഗേറ്റ് കടക്കുന്നതിന് മുമ്പുതന്നെ നോമ്പുതുറക്ക് കെട്ടിയ ടെൻഡിലേക്ക് ഒന്ന് കണ്ണോടിക്കും. പരിചയക്കാരും കുട്ടികളും അടങ്ങിയ ഒരു പടതന്നെ അവിടെ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടാകും.
അപ്പോഴേക്ക് മനസ്സും ശരീരവും പരസ്പരം പിറുപിറുക്കുന്നത് കേൾക്കാം; വൈകിയല്ലോയെന്ന്. കുറച്ചുകൂടി നേരത്തെ വരാമായിരുന്നല്ലോ എന്ന് മുജീബിന്റെ വക കുറ്റപ്പെടുത്തൽ വേറെയും. എന്നെക്കാൾ ഈ കാര്യത്തിൽ കുറച്ച് കൂടുതൽ പരിചയം ഉള്ളതുകൊണ്ടുതന്നെ അവന് ടെൻഡിലെ കാര്യങ്ങളൊക്കെ അറിയാം. ടെൻഡിന് പുറത്തുവരുന്നവരെ സ്വീകരിക്കാൻ കൊളായി അബ്ദുറഹിമാൻ ഇക്ക കാത്തുനിൽപുണ്ടാകും. മൂപ്പർ റമദാൻ 30വരെ പള്ളിയിലെ നോമ്പുതുറ പ്രോഗ്രാം ഓൾറൗണ്ടറായി അവിടെയുണ്ടാകും.
ആദ്യ നോമ്പുതുറ ആയതിനാൽതന്നെ വിഭവങ്ങൾ കൂടുതൽ ഉണ്ടാകും. ആദ്യപടിയിൽ കാരക്കയും ഈത്തപ്പഴവും ഫ്രൂട്ട്സും പിന്നെ കുറെ വറവുകളും അലീസയും. വറവ് സാധനങ്ങൾ മിക്കതും പള്ളിയുടെ അയൽപക്കത്തുള്ള വീടുകളിലെ ഉമ്മമാർ ഉണ്ടാക്കി പള്ളിയിലേക്ക് കൊടുക്കുന്നതാണ്.
അതുകൊണ്ടുതന്നെ അതിന് പ്രത്യേക രുചിയായിരിക്കും. ഇതൊക്കെ കഴിച്ച് കഴിയുമ്പോഴത്തേക്ക് മഗ്രിബ് നമസ്കാരം തുടങ്ങും. നമസ്കാരം കഴിഞ്ഞാൽ വീണ്ടും ടെൻഡിലേക്ക് ഓടും. മനസ്സ് നിറയെ ബിരിയാണി ആയതുകൊണ്ടുതന്നെ ചങ്ങാതി മുജീബിനെ മറക്കും. അവൻ തിരിച്ചും. പ്രതീക്ഷിച്ചപോലെ നല്ല ബിരിയാണിയും കഴിച്ച് താൽക്കാലികമായി പള്ളിക്ക് പുറത്ത് ഉണ്ടാക്കിയ പൈപ്പിൽനിന്ന് കൈയും കഴുകി നാളെ കാണാം എന്നമട്ടിൽ പള്ളിയിലേക്ക് തിരിഞ്ഞുനോക്കും. പിന്നെ മുജീബുമൊത്ത് തങ്ങളുടെ വീടുകളിലെ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ സ്വപ്നംകണ്ട് യാത്രതിരിക്കും. പ്രവാസം തുടങ്ങി ഏകദേശം 10 വർഷം കഴിയുമ്പോഴും റമദാൻ വരുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് മീത്തൽപള്ളിയിലെ നോമ്പുതുറയുടെ കാലമാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.