പെരുന്നാൾ കോടിയുടെ മൊഞ്ച്
text_fieldsഓരോ റമദാൻ കടന്നുവരുമ്പോഴും കുട്ടിക്കാലവും അന്നത്തെ ഓരോ ഓർമകളും കടന്നുവരും. ഒരിക്കലും മായാതെ ആ കുട്ടിക്കാലം നിലനിൽക്കണമെന്ന ആഗ്രഹം മനസ്സിനെ തൊട്ടുണർത്തും.
കൂട്ടുകുടുംബത്തിലായിരുന്നു കുട്ടിക്കാലത്തെ എന്റെ ജീവിതം. അതുകൊണ്ടുതന്നെ റമദാനിൽ ഏറെ മധുരമുള്ള ഒരുപാട് ഓർമകളുമുണ്ട്.
റമദാൻ വന്നുചേരുമ്പോൾ വീട്ടിൽ മാത്രമല്ല ആഘോഷം. കുട്ടികൾക്ക് പെരുന്നാൾ പണം കിട്ടുന്നതിന്റെയും പുത്തനുടുപ്പുകൾ ലഭിക്കുന്നതിന്റെയും ആഘോഷമാകുമ്പോൾ കവലകളിൽ കടക്കാർക്ക് കച്ചവടം വർധിക്കുന്നതിലായിരുന്നു സന്തോഷം. സ്ത്രീകൾക്ക് വീട്ടിൽ പലഹാരങ്ങൾ ഉണ്ടാക്കി നോമ്പ് തുറപ്പിക്കുന്നതിന്റെ സന്തോഷം. ഓരോരുത്തർക്കും ഒരു പോസിറ്റിവ് എനർജി നൽകുന്ന മാസം കൂടിയാണ് റമദാൻ.
റമദാൻ തുടക്കംതന്നെ കുട്ടികൾക്ക് വളരെ വലിയ ആവേശമായിരുന്നു. കഴിഞ്ഞ റമദാനിൽ കൂടുതൽ നോമ്പ് എടുത്തവരെ മറികടക്കുമെന്നായിരുന്നു തൊട്ടുപിന്നിലുള്ളവരുടെ വാശി.
മരങ്ങളാൽ ചുറ്റപ്പെട്ട തറവാടിന്റെ കോലായിലെ കലാത്തറയിൽ രാത്രി വൈകി നോമ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉപ്പ കടന്നുവന്ന് ചർച്ച ഉഷാറാക്കുന്ന കാര്യത്തിൽ ഇടപെടും. ഒരു നോമ്പിന് 50 പൈസ എന്ന കണക്കിലും നന്നേ ചെറിയ കുട്ടികൾക്ക് ഒരു രൂപ എന്ന നിലയിലും ഓഫർ മുന്നോട്ടുവെക്കും. 50 പൈസയും ഒരു രൂപയും ഏറ്റവും കൂടുതൽ വാങ്ങുന്നവർ ആരായിരിക്കും എന്നതായിരിക്കും പിന്നെയുള്ള ചർച്ച. അടുക്കളയിൽ അത്താഴത്തിന്റെ വിഭവങ്ങൾ തയാറാക്കുന്ന തിരക്ക് മറുവശത്ത് കേൾക്കാം.
റമദാനിലെ ഏറ്റവും സ്പെഷലും എന്നാൽ ബുദ്ധിമുട്ട് നിറഞ്ഞതും അത്താഴം കഴിക്കുക എന്നതാണ്. ഉറക്കം അതിന്റെ സുന്ദരമായ സമയം കടന്നുപോകുമ്പോഴായിരിക്കും അത്താഴം കഴിക്കാൻ എഴുന്നേൽക്കെടാ എന്ന ആവർത്തിച്ചുള്ള വിളി. കിടക്കയിൽനിന്ന് ഒന്നു എഴുന്നേറ്റു കിട്ടാൻ ചെറുതൊന്നും അല്ല പ്രയാസം. അതനുഭവിക്കാത്തവർ ചുരുക്കമായിരിക്കും.
അത്താഴത്തിന് എഴുന്നേൽക്കുമ്പോൾ അടുക്കളയിൽ എത്തിയാൽ വ്യത്യസ്തമായ ഭക്ഷണവിഭവം ഓരോരുത്തരും കഴിക്കുന്നത് കാണാം. ചോറും കറിയും ഒരാൾ കഴിക്കുമ്പോൾ മുതിർന്നവർ കഞ്ഞിയും അച്ചാറും കൊണ്ടാട്ടവും പപ്പടവും ചേർത്ത് കഴിക്കുന്നുണ്ടാകും. ചിലരുടെ മുന്നിൽ വെറും കട്ടൻ ചായ മാത്രമായിരിക്കും. എന്നാൽ, ഞാൻ വി.ഐ.പി ലിസ്റ്റിൽ ആണ്. ആ നേരം ചൂടുള്ള ഭക്ഷണം മാത്രമേ കഴിക്കൂ. വിരലിൽ എണ്ണാവുന്ന നോമ്പ് മാത്രമേ പിടിക്കൂ എങ്കിലും ഉമ്മ നല്ല ചൂടുള്ള പൂരിയും കറിയും തരും. എന്നാൽ, എനിക്ക് പൂരിയിൽ പഞ്ചസാര വിതറി മടക്കി കഴിക്കാനാണ് ഇഷ്ടം. മുതിർന്ന പുരുഷന്മാരും കുട്ടികളും കഴിച്ചതിനുശേഷം വീട്ടിലെ സ്ത്രീകൾ സുബഹ് ബാങ്കിന്റെ സമയമായി എന്നു പറഞ്ഞ് വെപ്രാളപ്പെട്ട് കഴിക്കാൻ ശ്രമിക്കുന്നത് കാണാം.
നോമ്പ് പകുതി കഴിയുമ്പോൾ പിന്നെ കുട്ടികളുടെ ചർച്ച പെരുന്നാൾ കോടിയുടെ പെരുമയായിരിക്കും. ആ കാലഘട്ടത്തിൽ ഷർട്ടിന്റെയും പാന്റിന്റെയും തുണികൾ കടയിൽനിന്ന് വാങ്ങി തയ്യൽക്കടയിൽ കൊടുക്കുന്ന രീതിയാണ്. ഓരോരുത്തർക്കും അവരുടെ ഉപ്പമാർ റമദാൻ 20നും 21നും ഒക്കെ പുത്തൻ കോടികൾക്കുള്ള തുണികൾ കൊണ്ടുവരുമ്പോൾ എന്റെ ഉപ്പ വ്യത്യസ്തനായിരുന്നു. 25 വരെ പെരുന്നാൾ കോടി എപ്പോൾ കൊണ്ടുവരും എന്നു ആവർത്തിച്ചു ചോദിച്ചാലും ആയില്ല എന്നു പറയും. മറ്റുള്ള കുട്ടികൾ തയ്യൽക്കടയിലെ അലമാരയിൽ അവരുടെ പുതിയ വസ്ത്രം തൂങ്ങിനിൽക്കുന്നത് കാണിച്ചു സന്തോഷിക്കുമ്പോൾ പുതിയ ഉടുപ്പിന്റെ കാര്യത്തിൽ വീട്ടിൽ ബഹളംവെച്ച് ഞാൻ അടിവാങ്ങിക്കും.
25നു ശേഷം ഞങ്ങളെയും കൂട്ടി ഉപ്പ വളപട്ടണം ഫാത്തിമ ബിൽഡിങ്ങിന്റെ അടുത്തുള്ള സുഹൃത്തിന്റെ തയ്യൽക്കടയിലേക്ക് പോകും. പുത്തനുടുപ്പ് കാണാതെ അളവ് കൊടുത്ത് ഉപ്പയുടെ വളപട്ടണത്തെ വീട്ടിൽ പോയി നോമ്പ് തുറന്നു തിരികെ വീട്ടിൽ വരും. നോമ്പ് അവസാനം ആകുമ്പോഴേക്കും എല്ലാവരും പുതിയ വസ്ത്രത്തിന്റെ റിഹേഴ്സലുകൾ നടത്തുന്നത് നോക്കിനിൽക്കും. അപ്പോൾ മനസ്സിൽ സങ്കടം കടിച്ചുപിടിക്കും. മറ്റുള്ള കുട്ടികൾ എല്ലാവരും ഉറങ്ങിയാലും ഉപ്പ വരുന്നത് കാത്തുനിൽക്കും. വെറും കൈയോടെ കയറിവരുന്ന ഉപ്പയെയാണ് അന്നും കാണാൻ കഴിയുക.
പിന്നെ ആ പെരുന്നാൾ കോടി കാണുന്നത് പെരുന്നാളിന്റെ അന്നാണ്. ഏറ്റവും പുതിയ മോഡൽ തുണികൊണ്ടുള്ള പെരുന്നാൾ കുപ്പായമായിരിക്കും ഉപ്പ വാങ്ങിച്ചുതരുന്നത്. ഇത്തവണ നിനക്കു പെരുന്നാൾ കോടി കിട്ടില്ല എന്നു പറഞ്ഞു നടന്ന മറ്റുള്ളവരുടെ മുന്നിൽ പിന്നെ ഗമയോടെ നടക്കും.
വായനക്കാർക്ക് എഴുതാം.
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.