നോമ്പ് ഓർമകളിലൂടെ ഒരു തിരിച്ചു നടത്തം
text_fieldsഓർമകളിൽ തിരയിളക്കമാകുന്നു പഴയ േനാമ്പുകാലം. നഷ്ടബാല്യംപോലെ തിരിച്ചുവരില്ലെന്ന് ഉറപ്പുണ്ടെങ്കിലും ആഗ്രഹിച്ചു പോവുകയാണ് ആ കാലം. ബാധ്യതകളും വല്യ ചിന്തകളൊന്നും ഇല്ലാത്ത കുട്ടിക്കാലത്തു നോമ്പ് കടന്നുവരുമ്പോൾ അതിയായ ആഹ്ലാദമായിരുന്നു. നോമ്പെടുത്തു പുണ്യം നേടാനുള്ള ആഗ്രഹമായിരുന്നില്ല കാരണം. മറിച്ച് മറ്റു 11 മാസങ്ങളിൽനിന്ന് വ്യത്യസ്തമായി രാത്രി വീട്ടിൽനിന്ന് പുറത്തിറങ്ങാനുള്ള 'ലൈസൻസ്' എന്നതായിരുന്നു നോമ്പു കടന്നുവരുമ്പോൾ ഉള്ള ആദ്യ സന്തോഷം. തീർത്തും ഗ്രാമീണ പശ്ചാത്തലമുള്ളതായിരുന്നു കുട്ടിക്കാലത്തെ എെന്‍റ നാടായ വെള്ളികുളങ്ങര. ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും പലതും കൈമോശം പോയി എന്ന നഷ്ടബോധം മനസ്സിൽ സങ്കടം തീർക്കുന്നു. അന്നത്തെ നോമ്പു കാലം രണ്ടു പള്ളികളുമായാണ് അധികവും ബന്ധിച്ചിരിക്കുന്നത്. ളുഹർ നമസ്കാരത്തിന് പള്ളിയിൽ പോയാൽ പിന്നെ അസർ കഴിഞ്ഞാലേ വീട്ടിൽ തിരിച്ചു വരൂ. വെള്ളികുളങ്ങര -വള്ളിക്കാട് ജുമാമസ്ജിദ് പുത്തൻപള്ളി എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മരങ്ങളിൽ ധാരാളം കൊത്തുപണികൾ ചെയ്തിരുന്ന ആ പഴയ പള്ളിയിൽ കയറുമ്പോൾ ഒരു ഭയഭക്തി തോന്നും. ഒറ്റക്ക് അകം പള്ളിയിൽ കയറുമ്പോൾ പേടിയും കൂട്ടത്തിൽ ഉണ്ടാവും. രണ്ടു നിലകളിലായി ഓട് പതിച്ചിരുന്ന ആ പള്ളി പുതുക്കി പണിതിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ആ പഴയ ചിത്രം ഇപ്പോളും മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്.
പള്ളി മുക്രി ആയിരുന്ന ഖാദർ ഉസ്താദിെന്‍റ 'ക്ഷീണം ബാധിച്ച ബാങ്ക്' അക്കാലത്തു പുത്തൻ പള്ളിയുടെ മുഖമുദ്ര ആയിരുന്നു. അസർ നമസ്കാരം കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക് തിരിക്കും. നോമ്പ് തുറക്കാൻ മിക്കവാറും പോവുക വെള്ളികുളങ്ങര അങ്ങാടിയിലെ സ്രാമ്പിയിൽ ആയിരിക്കും.
നാവിൽ കൊതിയൂറുന്ന തരി കഞ്ഞികുടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് അവിടെ തന്നെ പോയിരുന്നത്. നോമ്പ് വീട്ടിൽ നിന്ന് തന്നെ തുറക്കാൻ ഉമ്മ നിർബന്ധിച്ചാലും തരികഞ്ഞി പൂതി കാരണം പള്ളിയിലേക്ക് വെച്ചുപിടിക്കും. മഗ്‌രിബ് നമസ്കാരം കഴിഞ്ഞ ഉടനെ വീട്ടിലേക്ക് കുതിക്കും.
തടിച്ച പത്തിലും മുരിങ്ങയില മിക്സാക്കിയ മുട്ട കറിയും നല്ല ഒന്നാം തരം കോമ്പിനേഷൻ. അധിക ദിവസങ്ങളിലും വീട്ടിലെ നോമ്പ് തുറ വിഭവം ഇതായിരിക്കും. കുഞ്ഞി പത്തിൽ, കോഴിഅട, പുറത്തെ പത്തിൽ... അങ്ങനെ പലതുമുണ്ട്. ഒരു ദിവസം ഏതെങ്കിലും ഒരു ഐറ്റം മാത്രം.
പിന്നെ രാത്രി നമസ്കാരത്തിന് വീണ്ടും പള്ളിയിലേക്ക്. തറാവീഹ് നമസ്കാരത്തിെന്‍റ സ്പീഡിനനുസരിച്ചു പള്ളി സെലക്ട് ചെയ്യും. പ്രായത്തിെന്‍റ പക്വത കൈ വന്നപ്പോൾ നോമ്പിെന്‍റ ചൈതന്യം തിരിച്ചറിഞ്ഞു. സത്കർമങ്ങളുടെ വിളവെടുപ്പ് കാലം നന്മ കൊണ്ട് പ്രകാശിപ്പിക്കണമെന്നു പഠിച്ചു. മനുഷ്യ സ്നേഹത്തിെന്‍റയും മാനവികതയുടെയും സന്ദേശമായി റമദാൻ വഴി നടത്തുന്നത് അനുഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.