അന്നം തേടിയിറങ്ങുന്ന അമ്മക്കിളികൾ
text_fieldsനോമ്പ് 27ന് അവ്വല്സുബ്ഹിക്ക് വീട്ടിൽനിന്നും ഇറങ്ങുന്ന ഉമ്മ, ചെറിയുമ്മാെൻറ (ഉപ്പയുടെ പെങ്ങൾ) വരവും കാത്ത് മുറ്റത്ത് നിൽക്കുമ്പോൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ച് പറയും: ‘‘ടീ, കുഞ്ഞാമ്യേ ഒന്ന് വേഗം ഇറങ്ങാൻ നോക്ക്. ഇന്നലെ പോയിട്ട് റോഡ് വരെ തീരാത്ത വരിയേയ്നും. അസറ് കഴിഞ്ഞ് ആ തെരക്കിൽനിന്ന് ഒഴിവായപ്പോ കിട്ടിയതോ രണ്ടാക്ക് കഷ്ടിച്ച് ചോറ് തിന്നാനുള്ള അരിയും പത്തുറുപ്പ്യേം. ഇഞ്ഞൊന്ന് ബേം ബെരാൻ നോക്ക്...’’
ചെറിയുമ്മ മുറ്റത്തെത്തിയതും ‘ഞാനെത്തി കുഞ്ഞിമ്മോളേ’എന്നും പറഞ്ഞ് മാറിലൂടെ ഇട്ട രണ്ടാംതട്ടം മുന്നിലേക്ക് വാരി അറ്റംകെട്ടി ശരിയാക്കുമ്പോൾ ചെറിയുമ്മാെൻറ അടുത്ത ചോദ്യം:‘‘ഇന്നലെ വരുമ്പോ ബസിലെ അടുത്ത സീറ്റിലെ ചെറിയോള് ബോർഡ് വായിച്ച് തന്ന ആ വല്യ വീട്ടിലേക്കല്ലെ ഞമ്മള് പോകുന്നെ...?’’എല്ലാം കേട്ട് മുറ്റത്തെ നന്ത്യാർവട്ട ചെടിയിൽനിന്ന് പൂക്കൾ പറിച്ച് മാല കോർക്കാനിരിക്കുന്ന ഞാൻ ചെറിയുമ്മാനോട് ചോദിച്ചു:
‘‘ചെറിയുമ്മാ, ആ ബോർഡിൽ എന്താ എഴുതിവെച്ചത്...?’’
എെൻറ ചോദ്യം കേട്ട ചെറിയുമ്മ പറഞ്ഞു:‘‘ഇന്നലെ ബസില് വരുമ്പോ ബല്യകൊട്ടാരം പോലത്തെ ഒരു വീടും അവിടെ മുറ്റത്ത് കുറെ ആൾക്കാരേം കണ്ട്. ആരൊക്കെയോ ബോർഡും നോക്കി പോണതറിഞ്ഞ് ഞമ്മക്കും അതറിയാനൊരു പൂതി. അടുത്തിരുന്ന മോളോട് അതൊന്ന് വായിച്ചുതരാൻ പറഞ്ഞപ്പൊ ആ മോളു വായിച്ച് തന്നതാ, അവിടെ നോമ്പ് ഇരുപത്തേഴിന് സക്കാത്ത് പണവും അരിയും നൽകപ്പെടൂന്ന്...’’
കേട്ടപ്പോൾ എെൻറ മനസ്സിലും ആ കൊട്ടാരം പോലത്തെ വീട് കാണാൻ പൂതി ഉണ്ടായെങ്കിലും ഉമ്മ കൂട്ടില്ലാന്ന് അറിയുന്നതുകൊണ്ട് ഞാൻ എെൻറ പൂവെടുത്ത് ഓല കൊണ്ടുണ്ടാക്കിയ നൂലിൽ കോർക്കൽ തുടർന്നു...ഉമ്മയും ചെറിയുമ്മയും വാ കീറിയവൻ എവിടെയോ അളന്നു വെച്ച അന്നത്തിനായി ഇറങ്ങി പുറപ്പെട്ടു...ലൈലത്തുൽ ഖദ്റിെൻറ പോരിശ പലപ്പോഴും അറിഞ്ഞ് കേട്ടത്, ഉമ്മകൊണ്ടു വരുന്ന അരിമണികൾ ചുളുങ്ങിയ ചെമ്പ് പാത്രത്തിലേക്ക് മാറ്റിയിടുമ്പോഴാകും...
ആയിരം മാസത്തെക്കാൾ പുണ്യമുള്ള ഒരൊറ്റ രാവ്..!
ആ ഒറ്റരാവുകളിൽ മറ്റുള്ളവർക്ക് പ്രതിഫലം നേടിക്കൊടുക്കുന്ന ഉമ്മയെപ്പോലുള്ളവർ രാവിലെ ഇറങ്ങി വൈകീട്ട് വീട്ടിലെത്തുമ്പോൾ കിട്ടുന്നതോ, ചുരുട്ടിപ്പിടിച്ച നോട്ടുകളും പൊതിഞ്ഞു കെട്ടിയ ചെറിയ അരി സഞ്ചികളും...അവയൊക്കെയും സൂക്ഷ്മതയോടെ എണ്ണി തിട്ടപ്പെടുത്തുമ്പോൾ ഉമ്മയുടെ ഖൽബകം തെളിയുന്നത് മാനത്ത് നിലാവ് വിതറുന്ന റമദാൻ ചന്ദ്രിക ഒളിഞ്ഞു നിന്ന് കാണുന്നുണ്ടാകും...അതിനുവേണ്ടിയാകും ആകാശച്ചെരുവിൽനിന്നും മാലാഖമാർ മണ്ണിലേക്കിറങ്ങി വരുന്നതും...
ഇന്ന് ഇരുപത്തിയേഴായി, സക്കാത്തൊന്നുമില്ലേ എന്ന് തമാശരൂപേണ കൂട്ടുകാർ ചോദിക്കുമ്പോൾ, അന്ന് ഉമ്മ നടന്നുപോയി വാങ്ങിയ ആ സകാത് പണത്തിെൻറ ഗന്ധം ഉമ്മയുടെ വിയർപ്പു കണങ്ങളിൽ അലിഞ്ഞ് ചേർന്ന് ഞങ്ങളുടെ അന്നനാളങ്ങളിലൂടെ ഊർന്നിറങ്ങിയത് കൊണ്ടാകാം ഇപ്പോഴതെല്ലാം ഓർത്തെടുക്കുമ്പോൾ ഇരുപത്തി ഏഴാം രാവിെൻറ പോരിശയിൽ മനസ്സകം അവർക്കായുള്ള പ്രാർഥനകൾകൊണ്ട് മുഖരിതമാകുന്നത്...മാറിയ സാഹചര്യങ്ങളിൽ, വീടകങ്ങളിലേക്ക് റമദാൻ കഴിയും വരെയുള്ള കിറ്റുകളും മറ്റുംം എത്തിച്ച് കൊടുക്കാൻ ധാരാളം സംഘടനകളും മനുഷ്യസ്നേഹികളും സജീവമായി രംഗത്തിറങ്ങുന്നത് കാണുമ്പോൾ, പ്രതിഫലം വാരിക്കൂട്ടാനായി വിശ്വാസികൾ മത്സരിക്കുന്നത് കാണുമ്പോൾ, അന്നത്തെ ബാല്യത്തിലെ അവസാന പത്തിെൻറ ഒറ്റയായ രാവുകളിൽ കയറി ഇറങ്ങിയ നന്മകൾ ഞാൻ കണ്ടത് ഉമ്മക്ക് കിട്ടുന്ന നാണയത്തുട്ടുകളിലും അരിമണികളിലുമായിരുന്നു...
അത് സ്വന്തമാക്കാൻ നേരം പുലർച്ചക്ക് വീട് വിട്ടിറങ്ങി ദൂരയാത്ര ചെയ്ത് ഊഴം കാത്ത് നിന്ന ഉമ്മയെ പോലെ, കിട്ടുന്നത് കൊത്തിയെടുത്ത് പറന്ന് പറക്കമുറ്റാത്ത മക്കളുടെ കൊക്കുകളിൽ നിറച്ച് കൊടുത്ത അനേകം അമ്മക്കിളികൾ ഉണ്ടായിരുന്നിരിക്കണം...അവരുടെ വീടുകളിൽ ഈ അരിമണികൾക്കായി കാത്തിരുന്ന എന്നെപ്പോലുള്ള വിശപ്പിെൻറ രുചിയറിഞ്ഞ, പെരുന്നാൾ രാവ് സ്വപ്നംകണ്ടിരിക്കുന്ന കുഞ്ഞു കിളികളും ഉണ്ടാവും...ഇന്നിെൻറ യാത്രകളിൽ ചേക്കേറാനെത്തുന്ന ഓർമകൾക്കൊപ്പം മനസ്സിെൻറയോരത്ത് ആ നോട്ടുകളുടെ ഗന്ധം ഉയർന്ന് പൊങ്ങുമ്പോൾ ഉള്ളമാകെ നിറഞ്ഞ് നിൽക്കുന്നത് വയൽക്കരയിലെ കുഞ്ഞു വീടും ഞങ്ങൾക്കായി ജീവിച്ച് ഞങ്ങളിൽനിന്നു നടന്നകന്ന പ്രിയപ്പെട്ട ഉമ്മയും ഉപ്പയും മാത്രം...ഇരുപത്തിയേഴാം രാവിെൻറ പവിത്രതയിൽ അവർക്കായി നൽകാൻ നിലാവ് പോലെ തെളിഞ്ഞ പ്രാർഥനകൾ മാത്രം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.