കോവിഡ് ആശങ്കയില്ലാതെ റമദാൻ; എതിരേറ്റ് വിശ്വാസി സമൂഹം
text_fieldsമനാമ: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് മഹാമാരി മൂലം നിറം കെടുത്തിയ റമദാനുകൾക്ക് ശേഷം ഇപ്രാവശ്യത്തെ വ്രതമാസ വിശുദ്ധിയെ ഏറെ സന്തോഷത്തോടെ എതിരേറ്റ് വിശ്വാസി സമൂഹം. റമദാൻ ആദ്യ ദിനം വാരാന്ത്യ ഒഴിവ് ദിനമായതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാനും ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങാനും അവസരം ലഭിച്ചു. രാവിലെ മുതൽ തന്നെ സൂപ്പർ മാർക്കറ്റുകളിലും സെൻട്രൽ മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി റമദാൻ പ്രഖ്യാപനം വന്നതോടെ പലരും ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റുകളിലേക്ക് നീങ്ങി. നമസ്കാരങ്ങൾക്കും രാത്രി നമസ്കാരമായ തറാവീഹിനും പള്ളികൾ ജനനിബിഡമായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകളിൽ ഇളവ് വന്നതിനാൽ കഴിയാവുന്ന വിശ്വാസികൾ പള്ളികളിൽ നമസ്കാരത്തിനായി അണിനിരന്നു. ഇശാ നമസ്കാരാനന്തരം എല്ലാ പള്ളികളിലും തറാവീഹ് നമസ്കാരങ്ങളും സജീവമായി. ചില പള്ളികളിൽ എല്ലാവർക്കുമായി ഇഫ്താറുകൾ ഒരുക്കിയിരുന്നു. വിവിധ മതസമൂഹങ്ങൾ അണിനിരന്ന ഇഫ്താർ മാനവികതയുടെ വിളംബരം കൂടിയായി. സംഘടനകളുടെയും കൂട്ടായ്മകളുടെയും ഇഫ്താർ സംഗമങ്ങളും ഇക്കുറി സജീവമായി നടക്കും. വിവിധ സംഘടനകളുടെ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇഫ്താറുകൾ എല്ലാ ദിവസവും നടക്കുന്നുമുണ്ട്. വിവിധ ചാരിറ്റി സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് അർഹരായവർക്ക് ഇഫ്താർ ഭക്ഷണക്കിറ്റുകൾ നൽകുന്നതിനും തുടക്കമായി.
തർബിയ ഇസ്ലാമിക് സൊസൈറ്റി, കാഫ് ഹ്യുമാനിറ്റേറിയൻ, ഡിസ്കവർ ഇസ്ലാം സൊസൈറ്റി, കൂഹ്ജി ഫൗണ്ടേഷൻ, കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി സൊസൈറ്റി തുടങ്ങി സ്വദേശികളുടെ മേൽനോട്ടത്തിലുള്ള സൊസൈറ്റികളും സംവിധാനങ്ങളും പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് ആവശ്യക്കാർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്. ആവശ്യക്കാരായ പ്രവാസി കുടുംബങ്ങൾക്ക് വിവിധ ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളും നൽകുന്നുണ്ട്. വിശ്വാസി സമൂഹത്തിനിടയിൽ വിജ്ഞാനവും വിശ്വാസവും ശക്തിപ്പെടുത്തുന്നതിനും ചാരിറ്റി പ്രവർത്തനങ്ങളിൽ അവരെ സജീവമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. പ്രവാസി യുവ സമൂഹം ഇഫ്താർ കിറ്റുകൾ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും അവരുടെ ജോലി കഴിഞ്ഞ ശേഷമുള്ള സമയം ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡിന് മുമ്പുള്ള തരത്തിലെ ഇഫ്താറുകളിലേക്ക് വരും ദിവസങ്ങളിൽ സാഹചര്യമെത്തുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.