റമദാൻ വിപണിയിൽ തിരക്ക് തുടങ്ങി
text_fieldsമനാമ: റമദാൻ നോമ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിപണിയിൽ തിരക്കേറി. വ്രതാരംഭത്തിനു മുമ്പുള്ള അവധിദിനങ്ങൾ തുടങ്ങിയതോടെ നഗരത്തിൽ വലിയ തിരക്കനുഭവപ്പെട്ടു. അതോടൊപ്പം ഗതാഗതക്കുരുക്കുമുണ്ടായി. സൂപ്പർ മാർക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനങ്ങൾ സാധനങ്ങൾ വാങ്ങാനായി വ്യാപകമായി എത്തിത്തുടങ്ങി. വസ്ത്രവിപണികളിലും തിരക്ക് തുടങ്ങിയിട്ടുണ്ട്. പല സ്ഥാപനങ്ങളും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വിപണിയിലും ഉണർവുണ്ട്. സമ്മാനങ്ങൾ നൽകാനായി വാച്ചുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും വാങ്ങുന്ന പതിവ് പ്രവാസികൾക്കുണ്ട്.
മൊബൈൽ ഫോൺ കമ്പനികൾ മികച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഗൃഹോപകരണ വിപണിയിലും മികച്ച കച്ചവടമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കുക്കിങ് റേഞ്ചുകൾ, ഫ്രിഡ്ജ്, വാഷിങ് മെഷീനുകൾ എന്നിവയെല്ലാം ധാരാളമായി വിറ്റഴിക്കപ്പെടുന്ന അവസരമാണിത്. റസ്റ്റാറന്റുകൾ നോമ്പുതുറ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പല നിരക്കിലുള്ള നോമ്പുതുറ പാക്കേജുകളാണ് റസ്റ്റാറന്റുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ബി.ഡിയുടെ ഇഫ്താർ വിഭവങ്ങൾ മുതൽ 3.2 ബി.ഡിയുടെ അത്താഴവും മുത്താഴവും അടക്കമുള്ള പാക്കേജുകളുമുണ്ട്. വമ്പൻ റസ്റ്റാറന്റുകളുടെ ‘റമദാൻ ഗബഗ’ ടെന്റുകളും ഒരുങ്ങിത്തുടങ്ങി.
ശീതളപാനീയങ്ങളാണ് നോമ്പുകാലത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്ന മറ്റൊരിനം. വസ്ത്രവിപണി വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഈ സമയത്ത് പുതുവസ്ത്രങ്ങൾ വാങ്ങാനായി ഒഴുകിയെത്താറുണ്ട്. പെരുന്നാൾ അവസരങ്ങളിൽ ധരിക്കുന്ന കുർത്തകൾ, പർദകൾ തുടങ്ങിയവയെല്ലാം ഈ സമയത്ത് നന്നായി വിറ്റഴിക്കപ്പെടുമെന്ന് വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ് തുണിത്തരങ്ങൾ വാങ്ങാൻ ഷോപ്പിങ് മാളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. വമ്പൻ മാളുകളെല്ലാം ഈദുമായി ബന്ധപ്പെടുത്തി പ്രത്യേക വിപണി തുറന്നിട്ടുണ്ട്. മനാമ, ഗുദൈബിയ, റഫ, ഹമദ് ടൗൺ, മുഹറഖ് എന്നിവിടങ്ങളിലെ ഷോപ്പിങ് സെന്ററുകളിൽ ജനത്തിരക്കേറിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.