റങ്കൂൺ സ്രാപ്: മനുഷ്യാന്തസ്സിന്റെ പാസ്പോർട്ട്
text_fieldsപ്രമേയങ്ങളുടെ മൗലികത കൊണ്ടും ആവിഷ്കരിക്കുന്ന ഭൂമികകളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ നോവലാണ് ബഹ്റൈൻ പ്രവാസിയും കണ്ണൂർ സ്വദേശിയുമായ ജലീലിയോയുടെ റങ്കൂൺ സ്രാപ്. പുതിയകാല മലയാള നോവൽ സാഹിത്യത്തിന് മുതൽക്കൂട്ടായി മാറാൻ തക്ക വിഭവങ്ങൾ ഇതിലുണ്ട്.
ഒളവിലമെന്ന ഗ്രാമത്തിൽ ആരംഭിക്കുന്ന നോവൽ നടത്തുന്ന അന്താരാഷ്ട്ര യാത്രകൾ ഒരേസമയം ഭൂതകാലത്തെയും വർത്തമാനകാലത്തെയും മനുഷ്യരനുഭവിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ രേഖപ്പെടുത്തുന്നു. മതം, രാഷ്ട്രീയം, ദേശം, ഭാഷ, ധനം തുടങ്ങിയ അനേകം അടരുകളിലൂടെ നോവൽ സഞ്ചരിക്കുകയാണ്.
ഭരണകൂടങ്ങളുടെയും വ്യവസ്ഥിതികളുടെയും കീഴെ മനുഷ്യാന്തസ്സ് എത്രമാത്രം ചോദ്യം ചെയ്യപ്പെടുന്നു എന്ന രാഷ്ട്രീയ വിശകലനംകൂടി ആയി മാറുകയാണ് റങ്കൂൺ സ്രാപ്. ഇതിനകം വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ കൃതി നേടി.
മലബാറിൽനിന്ന് മാണിക്യക്കല്ലുകളുടെ ഖനനത്തിന് പുറപ്പെട്ട വലിയച്ഛൻ കരുണൻ സ്രാപ്പിനെ തേടി ഹർഷൻ എന്ന സ്വർണപ്പണിക്കാരൻ നടത്തുന്ന യാത്രയും അതിനിടയിൽ സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവപരമ്പരകളുമാണ് നോവലിന്റെ ഇതിവൃത്തം. ചരിത്രത്തിലേക്ക് നടത്തുന്ന ത്രില്ലർ സമാനമായ സഞ്ചാരമായി നോവൽ അനുഭവപ്പെടുന്നു.
ഗൾഫ് കുടിയേറ്റത്തിന് മുമ്പുള്ള മലയാളി കുടിയേറ്റങ്ങളും ലോകവ്യാപകമായി നടക്കുന്ന പൗരത്വ പ്രതിസന്ധികളും മ്യാന്മറിലെ ഇന്ത്യൻ വംശജരുടെ ചരിത്രം, റോഹിങ്ക്യൻ സംഘർഷം, മനുഷ്യക്കടത്ത്, പലായനങ്ങൾ എന്നിവയടക്കം വൈവിധ്യമായ ഭൂമികയിലാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
നാടകരചനകൾക്ക് വിവിധ പുരസ്കാരങ്ങൾ ലഭിച്ച ജലിലിയോക്ക് മലയാളത്തിലെ മികച്ച ചെറുകഥക്ക് നൽകിവരുന്ന ഈ വർഷത്തെ നവനീതം പുരസ്കാരവും ലഭിച്ചിരുന്നു. നോവൽ ബഹ്റൈൻ കേരളീയ സമാജം ബി.കെ.എസ് -ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തിങ്കളാഴ്ച വൈകീട്ട് എട്ടിന് പ്രകാശനം ചെയ്യും.
പ്രമുഖ മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ, എഴുത്തുകാരൻ ലിജിഷിന് നൽകി പ്രകാശനം ചെയ്യും. കവിയും ഗാനരചയിതാവുമായ റഫീഖ് ഉമ്പാച്ചി, ബ്രേവ് കോംബാറ്റ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഷാഹിദ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണൻ, സജി മാർക്കോസ് തുടങ്ങിയ പ്രമുഖരും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.