മുഹറഖിൽ എലിശല്യം: പരിഹാരം വേണമെന്ന് നഗരസഭ
text_fieldsമനാമ: മുഹറഖ് മേഖലയിൽ രൂക്ഷമായ എലിശല്യത്തിന് അവസാനമുണ്ടാക്കാൻ സത്വര നടപടി ആവശ്യമാണെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കൗൺസിലിന്റെ നിർദേശം. വ്യാപക എലിശല്യം പ്ലേഗ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച നിർദേശത്തിൽ ചൂണ്ടിക്കാണിച്ചു. പൗരാണികമായ പല കെട്ടിടങ്ങളും സംരക്ഷിത സ്മാരകങ്ങളായി നിലനിർത്തിയിട്ടുള്ള പ്രദേശമാണ് മുഹറഖ്. യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ബഹ്റൈൻ പേളിങ് പാത്ത് അടക്കം ഇവിടെയുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന പൗരാണിക കെട്ടിടങ്ങളും സംരക്ഷിത സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
ഈ കെട്ടിടങ്ങൾ എലികൾ താവളമാക്കുന്നതായി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിനു സമീപമുള്ള പ്രദേശത്ത് എലിശല്യം വർധിക്കുന്നത് ഗൗരവതരമായി കാണണമെന്നാണ് കൗൺസിലിന്റെ നിലപാട്. താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം പ്രശ്നം ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും കൗൺസിലർമാർ പറയുന്നു. നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം, നഗരകാര്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം, ബഹ്റൈൻ അതോറിറ്റി ഓഫ് കൾചർ ആൻഡ് ആന്റിക്വിറ്റീസ് എന്നിവയെ മുനിസിപ്പാലിറ്റി സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.