പ്രവാസത്തിന് വിട നൽകാനൊരുങ്ങി രവീന്ദ്രൻ
text_fieldsമനാമ: മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിടപറയുകയാണ് കെ.കെ രവീന്ദ്രൻ. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം ജൂലൈ 28ന് നാട്ടിലേക്ക് തിരിക്കും.
ഖമ്മീസിൽ അൽമാവ്ദ കമ്പനിയിൽ സെയിൽസ്മാനായ രവീന്ദ്രൻ 1984 ജനുവരി 14നാണ് ബഹ്റൈനിൽ എത്തിയത്. ഒരു സുഹൃത്ത് മുഖേനയാണ് ബഹ്റൈനിലേക്കുള്ള വരവ്. മുഹറഖിൽ എത്തിയ അദ്ദേഹം ഒന്നര വർഷത്തിനുശേഷമാണ് ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ േജാലിയിൽ പ്രവേശിച്ചത്. കുന്ദംകുളം സ്വദേശിയായ മോഹനൻ എന്ന സുഹൃത്താണ് ഇതിന് സഹായിച്ചത്. തുടർന്ന് ഇതുവരെ ഒരേ കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നതിെൻറ സന്തോഷത്തിലാണ് രവീന്ദ്രൻ.
ബഹ്റൈനെക്കുറിച്ച് നല്ലതുമാത്രമാണ് ഇദ്ദേഹത്തിന് ഒാർമിക്കാനും പറയാനുമുള്ളത്. നല്ലൊരു ജീവിതം സമ്മാനിച്ചത് ബഹ്റൈനാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരെയാണ് അദ്ദേഹം ഇവിടെ കണ്ടുമുട്ടിയത്. എല്ലാ രീതിയിലും മികച്ച അനുഭവമാണ് ബഹ്റൈനിൽനിന്ന് ലഭിച്ചതെന്ന് രവീന്ദ്രൻ പറയുന്നു.
മകൻ വിഷ്ണു രവീന്ദ്രൻ ഇതേ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. നാട്ടിൽ ഭാര്യ ലതയും എം.ബി.ബി.എസ് വിദ്യാർഥിനിയായ മകൾ പൂജയുമാണുള്ളത്. ജോലിയിൽനിന്ന് വിരമിച്ച് നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയെന്ന സ്വപ്നത്തോടെയാണ് 76കാരനായ രവീന്ദ്രൻ തിരിച്ചുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.