ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ വിശാല ജനാധിപത്യസഖ്യം വേണം -റസാഖ് പാലേരി
text_fieldsമനാമ: ഇന്ത്യയിൽ നിലവിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ വിശാല ജനാധിപത്യസഖ്യം ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേവലം തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്കപ്പുറം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിശാല ഐക്യമാണ് വേണ്ടത്. രാജ്യത്തെ ദേശീയ, പ്രാദേശിക പാർട്ടികൾ മറ്റു ഭിന്നതകൾ മാറ്റിവെച്ചു പൊതുലക്ഷ്യം മുൻനിർത്തി ഒന്നിക്കേണ്ടത് ജനാധിപത്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം ഇക്കാര്യത്തിൽ രാജ്യത്തിന് മാതൃകയാണ്. ദലിത്-മുസ്ലിം-പിന്നാക്ക വിരുദ്ധവും വംശീയതയിലൂന്നിയതുമായ ഭരണകൂടമാണ് ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽ രാജ്യം ഭരിക്കുന്നത്. 38 ശതമാനം വോട്ട് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത്. അതിനർഥം ബാക്കി 62 ശതമാനം പേർ ബി.ജെ.പിക്കെതിരാണ് എന്നതാണ്. വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതാണ് ബി.ജെ.പിക്ക് സഹായകരമാകുന്നത് എന്നതിനാൽ പാർട്ടികൾ ദേശീയവീക്ഷണത്തോടെ നയം രൂപവത്കരിക്കണം. സംവരണത്തിനെതിരെയടക്കം നിലപാടെടുക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ ബി.ജെ.പി അജണ്ടയുടെ സന്ദേശവാഹകരാകുകയാണെന്ന് തിരിച്ചറിയണം. ഫാഷിസത്തിനെതിരായ മുന്നണിക്ക് കോർപറേറ്റ്വിരുദ്ധ അജണ്ടയുണ്ടായാൽ മാത്രമേ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കപ്പെടുകയുള്ളൂ.
രാഹുൽ ഗാന്ധിയുടെ ഈ വിഷയത്തിലുള്ള പ്രസ്താവനകൾ ശുഭസൂചകമാണ്. ജനവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ കേന്ദ്രബജറ്റിന്റെ ചുവടുപിടിച്ചാണ് കേരള ബജറ്റ് തയാറാക്കപ്പെടുന്നത് എന്നത് അപലപനീയമാണ്. അടിസ്ഥാന ജനവിഭാഗത്തിന് ഭൂമിയും പാർപ്പിടവും ലഭിക്കണമെങ്കിൽ കുത്തകകൾ കൈയടക്കിവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്തുകൊണ്ട് രണ്ടാം ഭൂപരിഷ്കരണം ഉണ്ടാകണം. പരിസ്ഥിതിപരമായ പ്രത്യേകതകൾ പരിഗണിച്ചുള്ള സമഗ്ര ഗതാഗത നയമാണ് കേരളത്തിനു വേണ്ടത്. നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം വരെ സംവരണമേർപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരണമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. കേന്ദ്രവും സംസ്ഥാനവും പ്രവാസി സഭകൾ സംഘടിപ്പിച്ചതുകൊണ്ടോ പ്രവാസി ദിൻ ആചരിച്ചതുകൊണ്ടോ സാധാരണക്കാരായ പ്രവാസികൾക്ക് ഒരു ഗുണവുമില്ല. പ്രവാസിക്ഷേമത്തിനുവേണ്ടി പ്രത്യേക പദ്ധതികളാവിഷ്കരിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.