വായനയുടെ വളർത്തച്ഛൻ
text_fieldsഇന്ന് ജൂൺ 19, വായനദിനം. മലയാളികളെ പുസ്തക വായനയിലേക്ക് കൊണ്ടുവരാൻ തെൻറ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ. അദ്ദേഹത്തിെൻറ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. ഇന്ന് അദ്ദേഹത്തിെൻറ 25ാം ചരമവാർഷികദിനമാണ്.
കേരളത്തിൽ വായനയുടെ ഒരു സാംസ്കാരിക നവോത്ഥാനം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. കേരള ഗ്രന്ഥശാല സംഘത്തിന് തുടക്കമിട്ട അദ്ദേഹം വഴിയും വെളിച്ചവും ഇല്ലാത്ത കുഗ്രാമങ്ങളിൽ പോലും പുസ്തകങ്ങളുമായി കടന്നുചെന്ന് അക്ഷരങ്ങളുടെ കൈത്തിരി കൊളുത്തി.
1909 മാർച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. എൽ.പി. സ്കൂൾ അധ്യാപകനായിരുന്നു. 1945ൽ അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ അദ്ദേഹം വിളിച്ചുചേർത്ത തിരുവിതാംകൂർ ഗ്രന്ഥശാല രൂപവത്കരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എന്നാൽ, പണിക്കരുടെ കഠിനാധ്വാനവും അർപ്പണമനോഭാവവും ഗ്രന്ഥശാല സംഘത്തെ വളർത്തി. ഇതാണ് പിന്നീട് കേരള ഗ്രന്ഥശാല സംഘമായത്. 1977ൽ സർക്കാർ ഈ സംഘത്തിെൻറ ചുമതല ഏറ്റെടുക്കുന്നതുവരെ അദ്ദേഹമായിരുന്നു ഇതിെൻറ ജനറൽ സെക്രട്ടറി. ഗ്രന്ഥശാല പ്രവർത്തകർ അദ്ദേഹത്തെ ആദരപൂർവം പണിക്കർസാർ എന്നാണ് വിളിച്ചിരുന്നത്.
അക്ഷരത്തിെൻറയും വായനയുടെയും ലോകത്തേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയവരിൽ ഒരാളാണ് പി.എൻ. പണിക്കർ. ‘കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള 5000ത്തിലേറെ ഗ്രാമങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഇൗ ഭൂമുഖത്ത് ഉണ്ടായിട്ടുള്ളൂ...അതാണ് പി.എൻ. പണിക്കർ’ എന്നാണ് ഡി. സി. കിഴക്കേമുറി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനവും സാക്ഷരത പ്രവർത്തനവും കടപ്പെട്ടിരിക്കുന്നത് പി.എൻ. പണിക്കരോടാണ്. ജന്മനാട്ടിലെ സനാതനധർമ വായനശാലയിൽനിന്ന് ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം ആലപ്പുഴയിലെ തെൻറ നാട്ടുകാരനായ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിൽ സജീവമായി. 1989ലെ ലൈബ്രറീസ് ആക്ട് പ്രകാരം 1994ൽ സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപവത്കരിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള കാൻഫെഡ് എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായിരുന്ന അദ്ദേഹം 1995 ജൂൺ 19ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി സ്കൂൾ അദ്ദേഹത്തിെൻറ സ്മരണാർഥം പി.എൻ. പണിക്കർ ഗവ. എൽ.പി സ്കൂൾ ആയി 2014ൽ വിദ്യാഭ്യാസ വകുപ്പ് പുനർനാമകരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.