സ്കൂൾ സോണുകളിലെ അശ്രദ്ധമായ ഡ്രൈവിങ്; നടപടിയെടുക്കുമെന്ന് ട്രാഫിക് അധികൃതർ
text_fieldsമനാമ: കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്നത് സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. സ്കൂളുകൾ തുറന്നതോടെ സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുകയും ഫോൺ ഉപയോഗിക്കുകയും അപകട സ്ഥലങ്ങളിൽ അശ്രദ്ധമായി പാർക്ക് ചെയ്യുകയും റോഡിന് നടുവിൽ വാഹനം നിർത്തി വിദ്യാർഥികളെ ഇറക്കിവിടുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മീഡിയ മോണിറ്ററിങ് ആൻഡ് ഫോളോഅപ് വിഭാഗം മേധാവി ക്യാപ്റ്റൻ അസ്മ അൽ മുതവ പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കും.
മറ്റ് യാത്രക്കാർക്കും ഇത് അസൗകര്യമുണ്ടാക്കുന്നു. ചിലർ പാർക്കിങ് സ്ഥലങ്ങൾക്ക് പകരം തെറ്റായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, കുട്ടികളെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാതെ വാഹനമോടിക്കുക, 10 വയസ്സിന് താഴെയുള്ളവരെ മുൻവശത്തെ സീറ്റിൽ ഇരുത്തുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് രക്ഷിതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദുരന്തം ഒഴിവാക്കാൻ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും എല്ലാവരുടെയും സുരക്ഷ വളരെ ഗൗരവമായെടുക്കാനും മാതാപിതാക്കളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങൾ അനുസരിക്കുകയും ചെയ്യാൻ ഡ്രൈവർമാരോട് അദ്ദേഹം അഭ്യർഥിച്ചു. കുട്ടികൾ മുതിർന്നവരെ കണ്ടാണ് പഠിക്കുന്നത്. തെറ്റായ രീതികൾ കണ്ടാൽ കുട്ടികൾ ഭാവിയിൽ ഇത് അനുകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.