പെൻഷൻ വർധന അടിയന്തരമായി നടപ്പാക്കാൻ നിർദേശം
text_fieldsമനാമ: വിരമിച്ചവർക്കുള്ള വർധിപ്പിച്ച പെൻഷൻ അടിയന്തരമായി നടപ്പാക്കുന്നതിന് ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകി.
2021ലെയും 2022 ഏപ്രിൽ വരെയുമുള്ള വർധനയാണ് ഉടനടി നൽകാൻ തീരുമാനിച്ചിട്ടുള്ളത്. പെൻഷൻ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യം നടപ്പാക്കുന്നതിന് ധനമന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന വൈസ് കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധം വർധിപ്പിക്കാൻ ഇടയാക്കിയതായി വിലയിരുത്തി. യു.എ.ഇ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായങ്ങൾക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഏവിയേഷൻ സേവനമേഖലയിൽ സൈപ്രസുമായി സഹകരിക്കാൻ കാബിനറ്റ് അംഗീകാരം നൽകി. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗ റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.