സ്പുട്നിക് 5 വാക്സിന് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റഷ്യയുടെ സ്പുട്നിക് 5 വാക്സിന് ബഹ്റൈനിൽ രജിസ്ട്രേഷൻ തുടങ്ങി. വാക്സിെൻറ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞദിവസം ബഹ്റൈൻ അനുമതി നൽകിയിരുന്നു. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിെൻറ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ BeAware Bahrain മൊബൈൽ ആപ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് വാക്സിൻ സ്വീകരിക്കേണ്ട ദിവസവും സമയവും അറിയിച്ച് സന്ദേശം ലഭിക്കും.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഗമാലെയ നാഷനൽ സെൻറർ ഫോർ എപ്പിഡമിയോളജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ചാണ് വാക്സിൻ വികസിപ്പിച്ചത്. നിർമാണ കമ്പനി നൽകിയ വിശദാംശങ്ങളുടെയും സമഗ്രമായ പഠനത്തിെൻറയും നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) നടത്തിയ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഇതുൾപ്പെടെ നാല് വാക്സിനുകളാണ് ബഹ്റൈനിൽ നൽകുന്നത്.
ചൈനയിലെ സിനോഫാം ഗ്രൂപ് കമ്പനി ഉൽപാദിപ്പിച്ച സിനോഫാം വാക്സിൻ, അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച ഫൈസർ-ബയോൺടെക് വാക്സിൻ, ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് ആസ്ട്ര സെേനക്ക കമ്പനി വികസിപ്പിച്ച് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കൊവിഷീൽഡ് -ആസ്ട്രസെനേക്ക വാക്സിൻ എന്നിവയാണ് മറ്റുള്ളവ. പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡിനെ നേരിടുന്നതിെൻറ ഭാഗമായാണ് വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.