എനർജി ഡ്രിങ്ക് വിൽപനക്ക് നിയന്ത്രണം; നിയമം പരിഗണനയിൽ
text_fieldsമനാമ: പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ നൽകുന്നത് വിലക്കുന്ന കരട് നിയമം ശൂറ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. ഉപഭോക്താക്കൾക്ക് എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നതും റസ്റ്റാറൻറുകളിലും കാൻറീനുകളിലും വിൽക്കുന്നതും പരസ്യങ്ങൾ നൽകുന്നതും വിലക്കുന്നതാണ് കരട് നിയമം. എനർജി ഡ്രിങ്കുകളുടെ ദോഷ വശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോട്ടിലുകൾക്ക് പുറത്ത് പതിക്കണമെന്നും ഉൽപാദകരും ഇറക്കുമതിക്കാരും ഇക്കാര്യം ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ശൂറ കൗൺസിലിെൻറ സർവിസസ് കമ്മിറ്റി നിയമം അംഗീകരിക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. 2018ലെ പൊതുജനാരോഗ്യ നിയമത്തിൽതന്നെ എനർജി ഡ്രിങ്കുകളുടെ കാര്യത്തിൽ വ്യവസ്ഥകളുണ്ട്. എനർജി ഡ്രിങ്കുകളിലെ കഫീൻ പോലുള്ള ചേരുവകൾ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലും അടങ്ങിയിട്ടുള്ളതാണെന്നും അമിതമായി ഉപയോഗിച്ചാൽ അവക്കും ഇതേ ഫലമാണുണ്ടാവുകയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
15നും 24നും മധ്യേ പ്രായമുള്ള 728 യുവാക്കളിൽ നടത്തിയ പഠനത്തിൽ 16 ശതമാനം പേർ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 14 ശതമാനം പേർ ഇൗ ശീലം ഒഴിവാക്കിയപ്പോൾ 70 ശതമാനം പേർ ഒരിക്കലും ഉപയോഗിക്കാത്തവരാണ്. എനർജി ഡ്രിങ്കുകൾക്ക് മാത്രമായി നിയമം കൊണ്ടുവരുേമ്പാൾ അപകടകാരികളായ മറ്റ് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും വെവ്വേറെ നിയമം വേണ്ടിവരുമെന്നും അത് ബന്ധപ്പെട്ട പരിശോധകർക്ക് പ്രയാസമുണ്ടാക്കുമെന്നും മന്ത്രാലയം പറയുന്നു.
എനർജി ഡ്രിങ്കുകളുടെ കാര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത മാനദണ്ഡം നടപ്പാക്കിവരുകയാണെന്നും ഇത്തരം പാനീയങ്ങളുടെ ഇറക്കുമതിക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.