ദുരിതങ്ങളിൽനിന്ന് മോചനം; ഹരികൃഷ്ണൻ നാടണഞ്ഞു
text_fieldsമനാമ: കാഴ്ച നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ മലയാളി സുമനസ്സുകളുടെ സഹായത്തോടെ നാടണഞ്ഞു. 10 കേസുകളിൽനിന്നും മുക്തനായാണ് കോഴിക്കോട് കക്കോടി സ്വദേശി ഹരികൃഷ്ണൻ (55) എട്ട് വർഷത്തിനുശേഷം ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചത്.
ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസറായി 2007ലാണ് ഹരികൃഷ്ണൻ ബഹ്റൈനിലെത്തിയത്. എന്നാൽ, രണ്ടുവർഷം കഴിഞ്ഞപ്പോൾ കമ്പനി അടച്ചുപൂട്ടി. പിന്നീട് മറ്റ് കമ്പനികളിൽ ജോലി ചെയ്തു. എന്നാൽ, ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം ദുരിതത്തിലായി. കാഴ്ചയില്ലാത്തതിനാൽ കമ്പനി ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കി.
ബഹ്റൈനിൽ ചികിത്സിച്ച ഡോക്ടർ, നാട്ടിൽ പോയി ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദേശിച്ചു. ഇതിനായി 2017ൽ പോകാൻ ശ്രമിച്ചപ്പോഴാണ് തനിക്കെതിരെ വിവിധ കേസുകൾ നിലവിലുള്ളത് അറിഞ്ഞത്. എന്നാൽ, സാമ്പത്തിക ബാധ്യതകളെത്തുടർന്നുണ്ടായ യാത്രാവിലക്കുകാരണം നാട്ടിലേക്ക് പോകാനായില്ല. ടെലികോം, കാർ റെന്റൽ കമ്പനികളും സ്ഥാപനങ്ങളുമാണ് കേസ് നൽകിയിരുന്നത്.
കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയാണ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽ ഇദ്ദേഹത്തിന്റെ വിഷയം എത്തിയത്. മനാമയിലെ ഒരു പഴയ കെട്ടിടത്തിൽ ഒരാൾ ഒറ്റക്ക് കഴിയുന്നുവെന്ന വിവരമാണ് ഇവർക്ക് ലഭിച്ചത്.
തുടർന്ന് സുബൈർ കണ്ണൂരും സുഹൃത്തുക്കളും സ്ഥലത്തെത്തി ഇദ്ദേഹത്തിന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാക്കി. പിന്നീട് അൽ നമൽ ഗ്രൂപ്പിന്റെ കീഴിലെ സ്ഥാപനത്തിൽ ഇദ്ദേഹത്തിന് അഭയം ഒരുക്കി. ഒരു വർഷത്തോളം ഇദ്ദേഹത്തെ ഇവിടെ പാർപ്പിച്ച് ഭക്ഷണം നൽകി.
ഇതിനിടെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങളും പുരോഗമിച്ചു. ഇപ്പോഴത്തെ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചുമതല ഏറ്റെടുത്തശേഷം നടത്തിയ ആദ്യ വെർച്വൽ ഓപൺ ഹൗസിൽ തന്നെ സുബൈർ കണ്ണൂർ ഇദ്ദേഹത്തിന്റെ വിഷയം ശ്രദ്ധയിൽകൊണ്ടുവന്നു. ഐ.സി.ആർ.എഫ് ഓഫിസിൽ എത്തിയാണ് ഹരികൃഷ്ണൻ ഓപൺ ഹൗസിൽ പങ്കെടുത്തത്.
തുടർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് അംബാസഡർ ഉറപ്പുനൽകി. ഐ.സി.ആർ.എഫിന്റെയും ഇന്ത്യൻ എംബസിയുടെയും പ്രവാസി ലീഗൽ സെല്ലിന്റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങളുടെ ഫലമായി എട്ട് കേസുകളിൽ പരിഹാരമുണ്ടാക്കാനായി.
എല്ലാ കേസുകളും തീർപ്പായി എന്ന ധാരണയിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി. എന്നാൽ, എയർപോർട്ടിലെത്തിയപ്പോഴാണ് രണ്ട് കേസുകൾ കൂടി ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് അറിയാനായത്. ഇതേത്തുടർന്ന് യാത്ര മുടങ്ങിയ ഹരികൃഷ്ണൻ ബുദൈയ്യയിലെ സിഖ് ഗുരുദ്വാരയിലാണ് കഴിഞ്ഞത്.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ശേഷിക്കുന്ന കേസുകളും ഒഴിവാക്കാൻ സാധിച്ചതോടെ ഇദ്ദേഹത്തിന് ആശ്വാസമായി. ഒരു ബഹ്റൈനി നൽകിയ 1999 ദിനാറിന്റെ കേസാണ് ഒടുവിൽ തീർക്കാനുണ്ടായിരുന്നത്. ഹരികൃഷ്ണന്റെ ദുരിത കഥ ബഹ്റൈനിലെ ഇംഗ്ലീഷ് പത്രത്തിൽ വായിച്ച് ഒരു ബിസിനസുകാരൻ സഹായഹസ്തവുമായി രംഗത്തെത്തി. തുടർന്ന് ഈ തുകയും അടച്ചുതീർത്ത് പൂർണമായി കേസുകളിൽനിന്ന് മുക്തനായി. അണ്ണൈ തമിഴ് മൺറം പ്രവർത്തകൻ പളനിച്ചാമി ഉൾപ്പെടെ നിരവധി സാമൂഹിക പ്രവർത്തകരും ഇദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.
നാട്ടിൽ ഭാര്യയും ഒരു മകനുമാണ് ഇദ്ദേഹത്തിനുള്ളത്. ദുരിതങ്ങളിൽനിന്ന് മോചിതനായി വീട്ടുകാർക്കൊപ്പം കഴിയാനുള്ള സന്തോഷത്തോടെയാണ് ഹരികൃഷ്ണൻ നാട്ടിലേക്ക് യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.