ധാർമികബോധം വളർത്തുന്നതിൽ മതങ്ങൾക്ക് വലിയ പങ്ക് -ഡോ. ഗീവർഗീസ് മാർ ബർണബാസ്
text_fieldsമനാമ: സമൂഹത്തിൽ ധാർമികബോധം വളർത്തുന്നതിൽ മതദർശനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ ബർണബാസ് മെത്രാപ്പോലിത്ത. തന്നെ സന്ദർശിച്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘവുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
വർത്തമാനകാലത്ത് മതങ്ങളെ പ്രതിക്കൂട്ടിലാക്കി ഭിന്നതകൾ സൃഷ്ടിക്കാനാണ് ലിബറലിസം ശ്രമിക്കുന്നത്. ഇതിന് തടയിടാനും ധാർമിക മൂല്യങ്ങളിലൂന്നിയ ജീവിത സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാനും മതങ്ങൾക്കാണ് സാധിക്കുക. രാജ്യത്തിന്റെ ഭാവി തലമുറയെ ലിബറലിസവും മതരഹിത ചിന്തകളും വഴിതെറ്റിക്കുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്.
കാമ്പസുകളിലെ വിദ്യാഭ്യാസ മൂല്യച്യുതിയും അരാജകത്വവും ഏറെ ആശങ്കാജനകമാണ്. വിവിധ സമൂഹങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലും വിഭജനങ്ങൾ തീർത്ത് രാഷ്ട്രീയക്കാർ താൽക്കാലിക ലാഭത്തിനായി നടത്തുന്ന ദുശ് ചെയ്തികൾ ദുഃഖകരമാണ്. സമൂഹത്തിനാവശ്യമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഉത്തമ പൗരന്മാരെ സൃഷ്ടിക്കാൻ എല്ലാ തലത്തിലുമുള്ള നേതൃത്വങ്ങൾ കൂട്ടായി ചേർന്ന് ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആശയസംവാദത്തിനും ഏറെ ശ്രദ്ധ കൊടുക്കുന്ന കൂട്ടായ്മയാണ് തങ്ങളുടേതെന്ന് ഫ്രൻഡ്സ് ഭാരവാഹികൾ പറഞ്ഞു.
ഇത്തരം സന്ദർശനങ്ങളിലൂടെ പരസ്പരമുള്ള ബന്ധവും സഹവർത്തിത്വവും കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സൽമാനിയ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നടന്ന കൂടിക്കാഴ്ചയിൽ സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, പി.ആർ സെക്രട്ടറി വി.കെ. അനീസ്, ബദ്റുദ്ദീൻ പൂവാർ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, എ.എം. ഷാനവാസ്, ഗഫൂർ മൂക്കുതല എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.