ഒാർക്കുക; ജീവനാണ്
text_fieldsമനാമ: കാൽനടക്കാരെ ഇടിച്ചിട്ട് വാഹനയാത്രക്കാർ രക്ഷപ്പെടുന്ന സംഭവങ്ങൾ കൂടുന്നു. രണ്ടാഴ്ച മുമ്പ് ബംഗ്ലാദേശ് സ്വദേശിയായ 24കാരൻ ഇത്തരമൊരു അപകടത്തിൽ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിൽ ഒരു ഏഷ്യൻ യുവാവിനെ അറസ്റ്റ് ചെയ്തു. അപകടം വരുത്തിയശേഷം പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ കാർ കണ്ടെത്തിയത്.സമാന രീതിയിൽ, ഇൗ വർഷം ഇതുവരെ 11 ഗുരുതര അപകടങ്ങളാണുണ്ടായതെന്ന് ട്രാഫിക് വിഭാഗത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങളിൽ രണ്ടുപേർ മരിച്ചു.
ചിലർക്ക് ഗുരുതര പരിക്കേറ്റു. നിരവധി ചെറിയ അപകടങ്ങൾ വേറെയുമുണ്ടായി. അപകടമുണ്ടാക്കി രക്ഷപ്പെടുന്നത് ഗുരുതര കുറ്റകൃത്യമാണെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അപകടം നടന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ആംബുലൻസ് വിളിക്കുകയും അപകടവിവരം അധികൃതരെ അറിയിക്കുകയും ചെയ്യേണ്ടത് അപകടമുണ്ടാക്കിയാളുടെ ബാധ്യതയാണെന്ന് 2014ലെ ട്രാഫിക് നിയമത്തിലെ ആർട്ടിക്ക്ൾ 36 വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ആറു മാസത്തിൽ കുറയാത്ത തടവും 50 മുതൽ 500 ദീനാർ വരെ പിഴയും അല്ലെങ്കിൽ പിഴ മാത്രമോ ശിക്ഷ ലഭിക്കും. കൂടാതെ, അപകടമുണ്ടാക്കിയ വാഹനം 30 ദിവസം വരെ ട്രാഫിക് കസ്റ്റഡിയിൽ വെക്കും. 60 ദിവസം വരെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുമാണ്.
മദ്യപിച്ചും ആശ്രദ്ധയോടെയുമുള്ള ഡ്രൈവിങ്ങാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇവരുടെ നിരുത്തരവാദപരമായ പ്രവൃത്തിമൂലം കുടുംബത്തിെൻറ അത്താണിയും പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് അധികൃതർ കർശന നടപടി സ്വീകരിക്കുന്നുണ്ട്. എങ്കിലും, ചിലയാളുകൾ അതൊന്നും മാനിക്കാതെ പ്രവർത്തിക്കുന്നതാണ് കുഴപ്പങ്ങൾക്കിടയാക്കുന്നത്. പ്രവാസികൾ ഉൾപ്പെട്ട വാഹനാപകടങ്ങൾ ഏറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂക്ഷ്മതയോടെ വാഹനമോടിക്കാൻ പ്രവാസികൾ ഉൾപ്പെടെ ഏറെ ജാഗ്രത പുലർത്തണമെന്നാണ് ഇൗ കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.