ഒാർക്കുക; പ്രവാസികൾ ശത്രുക്കളല്ല...
text_fieldsമനാമ: കോവിഡ് -19 വ്യാപനത്തെത്തുടർന്ന് ഏറ്റവുമധികം പ്രതിസന്ധിയിലായ കൂട്ടരാണ് പ്രവാസികൾ. നാട്ടിൽ എത്തിയാൽ ഒറ്റപ്പെടുത്തലും ബഹിഷ്കരണവും അപമാനവുമെല്ലാമാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. മുമ്പ് പ്രവാസികൾ നാട്ടിൽ എത്തിയാൽ ഒാടിയെത്തി സ്നേഹം പ്രകടിപ്പിച്ചിരുന്നവർ ഇന്ന് വീട്ടിൽനിന്ന് ഒളിഞ്ഞുനോക്കുന്ന സ്ഥിതിയാണ്.
രോഗവ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗം രോഗബാധിത രാജ്യങ്ങളിൽ നിന്നുവരുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയുക എന്നതുതന്നെയാണ്. എന്നാൽ, പെെട്ടന്നൊരു ദിവസമുണ്ടാകുന്ന ഇൗ ഒറ്റപ്പെടൽ പലർക്കും ഉൾക്കൊള്ളാനാവുന്നില്ല എന്നതാണ് യാഥാർഥ്യം.
വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതിന് ആളുകളെ മാനസികമായി ഒരുക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്നാണ് ഇൗ സംഭവങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസി നേരിട്ടത് ഇത്തരമൊരു അനുഭവമാണ്. അയൽവാസികൾ ഒന്നും അടുത്തേക്ക് എത്തിയില്ല. അയൽ വീട്ടിലെ കുട്ടികൾക്ക് നൽകിയ മിഠായികൾ തിരിച്ചുകൊടുത്തു. അദ്ദേഹത്തിെൻറ മക്കളുടെ ഒപ്പം കളിച്ചിരുന്നവർ വരാതായി. കോഴിക്കോട്ടുകാരനായ മറ്റൊരാൾ നാട്ടിലെത്തിയപ്പോൾ അയൽപക്കത്തെ പ്രായമായ വീട്ടുകാർ താമസം തന്നെ വേറൊരിടത്തേക്ക് മാറ്റി.
ബഹ്റൈനിലെ അറിയപ്പെടുന്ന സാമുഹിക പ്രവർത്തകനായ മലപ്പുറം സ്വദേശി നാട്ടിലെത്തിയപ്പോഴും സമാന അനുഭവമാണുണ്ടായത്. എന്നും നാട്ടിലെത്തിയാൽ ഒാടിവന്ന് കെട്ടിപ്പിടിക്കുന്ന സുഹൃത്ത് വിടിന് പുറത്തിറങ്ങാൻ തയ്യാറായില്ല. ബഹ്റൈനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ബുധനാഴ്ച നാട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഉണ്ടായ സംഭവവും സമാനമാണ്.
നാട്ടിൽനിന്ന് രോഗമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചു. ഇക്കാര്യം കമ്പനിയിൽ അറിയിച്ചപ്പോൾ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് സമ്മതിച്ചു. ഇതനുസരിച്ച് താമസ സ്ഥലത്തെത്തിയപ്പോൾ മറ്റുള്ളവർ അകത്ത് കടക്കാൻ അനുവദിച്ചില്ല.
വിവരമറിഞ്ഞ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഇടപെട്ട് മറ്റ് താമസക്കാരുമായി സംസാരിച്ചെങ്കിലും ആദ്യം വഴങ്ങാൻ തയ്യാറായില്ല. ഒടുവിൽ യുവാവിനെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ കൊണ്ടുപോയി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചു. വീണ്ടും മറ്റ് താമസക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതിനുശേഷമാണ് യുവാവിനെ ഫ്ലാറ്റിൽ താമസിപ്പിക്കാൻ തയ്യാറായത്.
രണ്ട് മുറിയുള്ള ഫ്ലാറ്റിൽ ഒരു മുറിയിലാണ് യുവാവ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗ സംശയം തോന്നിയാൽ പരിശോധന നടത്തുന്നതിന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർവേസിൽ തിരുവനന്തപുരത്തേക്ക് പോയ പ്രവാസിക്ക് ഫിലിപ്പൈൻസ് സ്വദേശിയായ ഭാര്യ കൂടെയുള്ളതിനാൽ യാത്ര മുടങ്ങി. കൊളംബോ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഭാര്യയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന് പറഞ്ഞത്. മറ്റ് രക്ഷയില്ലാതെ അദ്ദേഹം ബഹ്റൈനിലേക്ക് തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു.
Latest Video

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.