വിസ പ്രായപരിധി നീക്കൽ: നിരവധി പ്രവാസികൾക്ക് അനുഗ്രഹമാവും
text_fieldsമസ്കത്ത്: 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ അനുവാദം നൽകുന്ന തൊഴിൽ മന്ത്രാലയത്തിെൻറ തീരുമാനം നിരവധി പ്രവാസികൾക്ക് അനുഗ്രഹമാവും. 60 വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കാൻ അനുവാദം ലഭിക്കാത്തതിനാൽ മലയാളികളടക്കം നിരവധി പ്രവാസികൾ കഴിഞ്ഞ വർഷങ്ങളിൽ നാടണഞ്ഞിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരുമായ നിരവധിപേരാണ് ഇങ്ങനെ നാടണഞ്ഞത്. സാമ്പത്തിക പിന്തുണയുള്ള നിരവധി പേർ ഇൻവെസ്റ്റ്മെൻറ് വിസ എടുത്തും ഒമാനിൽ തുടരുന്നുണ്ട്. ഏതായാലും പുതിയ തീരുമാനം അടുത്ത വർഷങ്ങളിൽ 60 വയസ്സ് തികയുന്ന നിരവധി പേർക്കാണ് അനുഗ്രഹമാവുന്നത്.
അതോടൊപ്പം 60 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചു വർഷത്തെ വിസ നൽകുന്ന പദ്ധതിയും നിലവിലുണ്ട്. 60 വയസ്സ് വിസ പരിധി എടുത്തു കളയണമെന്ന് നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഏറെ തൊഴിൽ പരിചയവും നൈപുണ്യവുമുള്ള കമ്പനിയുടെ തുടക്കം മുതലുള്ള വിദേശികൾ സ്ഥാപനത്തിൽനിന്ന് വിട്ടു പോവുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഹോട്ടലുകൾ അടക്കമുള്ള ചെറിയ സ്ഥാപനങ്ങളിലെ പ്രധാന നാഡിയായി വർത്തിക്കുന്ന പ്രായം ചെന്ന നിരവധി പ്രവാസികളുണ്ട്. ഇവർ പിരിഞ്ഞു പോവുന്നത് ഇത്തരം സ്ഥാപനങ്ങളെ ഏറെ ബാധിക്കുമെന്ന് നിരവധി സ്ഥാപനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. 80 -90 കാലഘട്ടത്തിലാണ് കേരളത്തിൽനിന്ന് തൊഴിൽതേടി ഗൾഫ് മേഖലയിലേക്ക് മലയാളികളുടെ ഒഴുക്ക് ഏറ്റവും വർധിച്ചത്.
വിദ്യാസമ്പന്നരും അല്ലാത്തവരുമൊക്കെ ഈ കാലഘട്ടത്തിൽ ഗൾഫിലെത്തിയിരുന്നു. ഈ വിഭാഗത്തിൽ വലിയൊരു വിഭാഗത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 60 തികഞ്ഞിരുന്നു. ഇവരിൽ നല്ലൊരു വിഭാഗവും ഗത്യന്തരമില്ലാതെ നാട് പിടിച്ചിരുന്നു. എന്നാൽ, നിരവധി കാരണങ്ങളാൽ ഒമാൻ വിട്ടു പോവാൻ കഴിയാത്ത പലരും ഇൻവെസ്റ്റ് വിസയിലേക്ക് മാറിയിരുന്നു. ബാക്കിയുള്ളവർ വരും വർഷങ്ങളിൽ 60 തികയുന്നവരാണ്. തൊഴിൽ നൈപുണ്യമൊന്നുമില്ലാത്ത നിരവധി പ്രവാസികൾ നീണ്ടകാലം പ്രവാസ ജീവിതം നയിച്ചിട്ടും കാര്യമായ സമ്പദ്യമൊന്നുമില്ലാത്തവരാണ്. ഈ വിഭാഗക്കാരുടെ നിത്യജീവിതവും ബാക്കികാര്യങ്ങളും ഭംഗിയായി നടന്നെങ്കിലും സമ്പാദ്യമായി കൈയിലിരിപ്പൊന്നുമില്ല. അതിനാൽ 60 വയസ്സ് കഴിഞ്ഞാൽ നാട്ടിൽ പോയി എന്തു ചെയ്യുമെന്ന് ചിന്തിക്കുന്നവരാണ് പലരും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗൾഫിൽ കഴിയുന്ന കാലമത്രയും അന്തസ്സായി ജീവിക്കാമെന്നാണ് പലരും കരുതുന്നത്. വഞ്ചനയും തട്ടിപ്പുമൊന്നും ശീലമാക്കിയിട്ടില്ലാത്ത ഇവർ 60 കഴിഞ്ഞാലും ഗൾഫ് ജീവിതം തന്നെയാണ് അഭികാമ്യമായി കരുതുന്നത്. അതിനാൽ തൊഴിൽ മന്ത്രാലയം അധികൃതരുടെ പുതിയ തീരുമാനം ഇവർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
അതോടൊപ്പം ചെറുപ്പത്തിൽ പ്രായപരിധി ആവുന്നതിന് മുമ്പേ വ്യാജരേഖകളുണ്ടാക്കി വയസ്സ് കൂട്ടിക്കാണിച്ച് ഗൾഫിൽ എത്തിയവരും നിരവധിയുണ്ട്. ഇവരുടെ സ്കൂൾ രേഖകളിലെ വയസ്സും പാസ്പോർട്ടിലെ വയസ്സും തമ്മിൽ ഏറെ അന്തരമുണ്ട്. രേഖകൾ അനുസരിച്ച് വയസ്സ് കുറക്കാൻ ശ്രമങ്ങൾ നടത്തുന്നവരും നിരവധിയാണ്.
തൊഴിൽ മന്ത്രാലയത്തിെൻറ പുതിയ തീരുമാനം ഏറെ ആശ്വാസം പകരുന്നതായി റൂവിയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം സ്വദേശി പറഞ്ഞു. ഹോട്ടലിലെ വിസയിലാണെങ്കിലും ഹോട്ടൽ നടത്തുന്നതും ഇദ്ദേഹം തന്നെയാണ്. 60 തികയുന്നതിനാൽ അടുത്ത വർഷം നാട് പിടിക്കേണ്ടതായിരുന്നു.
ഈ അവസ്ഥയിൽ ഒമാൻ വിട്ട് നാട്ടിൽ പോവുന്നത് സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ പ്രായത്തിൽ നാട്ടിൽ പോയിട്ട് എന്തു ചെയ്യാനാണെന്ന് അദ്ദേഹം ചോദിക്കുന്നു. കുട്ടികളുടെ പഠിത്തം മകളുടെ വിവാഹം എന്നിവ ഭംഗിയായി ഗൾഫ് പണം കൊണ്ട് ചെയ്യാൻ കഴിഞ്ഞെങ്കിലും നിത്യചെലവിന് ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. നാട്ടിൽ ഈ പ്രായത്തിൽ ജോലി ചെയ്യുന്നതും സ്ഥാപനങ്ങൾ നടത്തുന്നതുമൊക്കെ വലിയ വെല്ലുവിളിയാണ്. പ്രവാസം മതിയാക്കി നാട്ടിൽ പോയ പലരും ഇത്തരം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും ഗൾഫിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.