ഇന്ത്യൻ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു
text_fields
സമസ്ത ബഹ്റൈൻ റിപ്പബ്ലിക് ദിന സംഗമം
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയുടെ കീഴിൽ ഓൺലൈനായി ഇന്ത്യൻ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാർ, ഷഫീഖ് മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ, കാസിം മൗലവി, മുസ്തഫ കളത്തിൽ, ശൈഖ് അബ്ദുറസാഖ്, സഹീർ കാട്ടാമ്പള്ളി, നവാസ് കൊല്ലം, ജസീർ വാരം എന്നിവർ സംസാരിച്ചു. മദ്റസ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സദർ മുഅല്ലിം കെ.കെ. അഷ്റഫ് അൻവരി എളനാട് സ്വാഗതവും ജാഫർ കണ്ണൂർ നന്ദിയും പറഞ്ഞു.
പ്രവാസികൾ ആഘോഷതിമിർപ്പിൽ
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇസാ ടൗണിലെ സ്കൂൾ കാമ്പസിൽ കോവിഡ്-19 മാർഗനിർദേശം പാലിച്ചായിരുന്നു ആഘോഷം. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയ പതാക ഉയർത്തി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം.എൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മിഡിൽ വിഭാഗം ഓൺലൈനിൽ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ഋതുകീർത്ത്, വിനീഷ്, നിഷ, അദ്വൈത് അനിൽകുമാർ, ശ്രേയ സൂസൻ സക്കറിയ എന്നിവർ വിജയികളായി.
മനാമ: സിറോ മലബാർ സൊസൈറ്റി അങ്കണത്തിൽ പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയപതാക ഉയർത്തി.
ഫാഷിസവും വർഗീയതയും സംഘടിത ശക്തികളായി വളരുമ്പോൾ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരാകാൻ ഉത്തരവാദിത്തബോധത്തോടെ സ്വയം പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളി പറഞ്ഞു.
ഇന്ത്യൻ ക്ലബ് വൈസ് പ്രസി. സാനി പോൾ, ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ, കോർ ഗ്രൂപ് ചെയർമാൻ പോൾ ഉർവത്ത്, ഭാരവാഹികളായ മോൻസി മാത്യു, ജോയ് എലുവത്തിങ്കൽ, അലക്സ് സ്കറിയാ, റൂസ്സോ, കോട്ടയം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു എബ്രഹാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദി പറഞ്ഞു.
മനാമ: ബഹ്റൈൻ കേരളീയസമാജം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രദീപ് പാത്തേരി, വിനോദ സെക്രട്ടറി കെ.ടി. സലിം എന്നിവർ പങ്കെടുത്തു.
മനാമ: കെ.സി.എ ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് ജോഷി വിതയത്തിൽ പതാക ഉയർത്തി. അശോക് മാത്യൂ, സേവി മാത്യൂ, വർഗീസ് കാരക്കൽ, ജെയിംസ് ജോൺ, രാജു പി. ജോസഫ്, ലേഡീസ് വിങ് ജനറൽ സെക്രട്ടറി ജൂലിയറ്റ് തോമസ്, ആൽവിൻ സേവി എന്നിവർ സംബന്ധിച്ചു.
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആസ്ഥാനത്ത് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ചെയർമാൻ ചന്ദ്രബോസ് പതാക ഉയർത്തി. ചടങ്ങിൽ സെൻറ് മേരീസ് ചർച്ച് സെക്രട്ടറി ബെന്നി വർക്കി വിശിഷ്ടാതിഥിയായി. ഡയറക്ടർ ബോർഡ് മെമ്പേഴ്സും മറ്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എംബസിയിൽ വിപുലമായ ആഘോഷം
മനാമ: ഇന്ത്യൻ എംബസിയിൽ നടന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ദേശീയപതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
കോവിഡ് മുൻകരുതൽ പാലിച്ച് നടന്ന പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തത്സമയം പ്രദർശിപ്പിച്ചു.
ഉപയോക്തൃ സൗഹൃദത്തിനായി eoibahrain.gov.in എന്ന വെബ്സൈറ്റും പുതുതായി എംബസി തുറന്നു. ഇതോടൊപ്പം ട്രൈബ്സ് ഇന്ത്യ ആത്മനിർഭർ കോർണറും ആയുർവേദ ഗാർഡനും ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗോത്ര ഉൽപന്നങ്ങൾ, കരകൗശലം എന്നിവക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
ലുലു ഗ്രൂപ്പിന്റെ പിന്തുണയോടെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ നിർമിച്ചെടുത്തതാണ് ആയുർവേദ ഉദ്യാനം. പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തെ കൂടുതൽ പ്രചാരത്തിലെത്തിക്കാൻ ഇതു സഹായിക്കും.
ഉച്ചകഴിഞ്ഞ് ബഹ്റൈൻ ഇന്ത്യ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ അബ്ദുൽനബി അൽ ഷോല എഴുതിയ 'ഗാന്ധി: ഇസ്ലാമും അറബ് ലോകവുമായുള്ള അദ്ദേഹത്തിന്റെ ഇടപഴകൽ' പുസ്തകം അംബാസഡർക്ക് കൈമാറി. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം ഭാഷകളിൽ ഈ പുസ്തകം ലഭ്യമാണ്.
വൈകീട്ട് സംഘടിപ്പിച്ച വെർച്വൽ മീറ്റിങ്ങിൽ പാർലമെന്റ് അംഗങ്ങൾ, ബഹ്റൈൻ ഗവൺമെന്റിന്റെ പ്രതിനിധികൾ, ബഹ്റൈനിലെ പ്രമുഖരും നയതന്ത്രജ്ഞരും വ്യവസായികളും ഇന്ത്യൻ സമൂഹവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.