ഗവേഷണരംഗത്തെ സഹകരണം: ദിറാസാത്തും ജറൂസലം സെൻററും കരാർ ഒപ്പുവെച്ചു
text_fieldsവിവിധ മേഖലകളിലെ സഹകരണത്തിന് ദിറാസാത്തും ജറൂസലം സെൻറർ ഫോർ പബ്ലിക് അഫയേഴ്സും ധാരണപത്രം ഒപ്പുവെക്കുന്നു
മനാമ: വിവിധ മേഖലകളിലെ സഹകരണത്തിന് ബഹ്റൈൻ സെൻറർ ഫോർ സ്ട്രാറ്റജിക്, ഇൻറർനാഷനൽ ആൻഡ് എനർജി സ്റ്റഡീസ് (ദെരാസത്) ജറൂസലം സെൻറർ ഫോർ പബ്ലിക് അഫയേഴ്സുമായി ധാരണപത്രം ഒപ്പുവെച്ചു.
ദെരാസത് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹമദ് ഇബ്രാഹീം അൽ അബ്ദുല്ലയും ജറൂസലം സെൻറർ ഫോർ പബ്ലിക് അഫയേഴ്സ് പ്രസിഡൻറ് ഡോരെ ഗോൾഡുമാണ് കരാറിൽ ഒപ്പിട്ടത്. ദെരാസത് ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിവരങ്ങളും പ്രസിദ്ധീകരണങ്ങളും കൈമാറുന്നതിനൊപ്പം ശാസ്ത്രീയ ഗവേഷണം തുടങ്ങിയ മേഖലകളിലെ ഏകോപനവും കരാർ ലക്ഷ്യമിടുന്നു. ബഹ്റൈനും ഇസ്രായേലും തമ്മിൽ ഗവേഷണ, ശാസ്ത്രീയ സഹകരണം മെച്ചപ്പെടുത്താൻ കരാർ സഹായിക്കുമെന്ന് ഡോ. ഹമദ് ഇബ്രാഹീം അൽ അബ്ദുല്ല പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിയുടെ ഫലങ്ങളിൽ ഒന്നാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. ജറൂസലം സെൻറർ ഫോർ പബ്ലിക് അഫയേഴ്സിെൻറ വിലപ്പെട്ട സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ദെരാസത്തുമായി സഹകരിക്കുന്നതിൽ ഡോറെ ഗോൾഡ് സന്തോഷം പ്രകടിപ്പിച്ചു.
മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പുറമേ, പ്രാദേശിക സുരക്ഷ, അന്താരാഷ്ട്ര സഹകരണം എന്നീ വിഷയങ്ങളിൽ ഇരുകേന്ദ്രങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ വിപുലീകരിക്കാനും ധാരണപത്രം ലക്ഷ്യമിടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.