സ്ഥാനമൊഴിയുന്നത് സംതൃപ്തിയോടെ -ഡോ. ബാബു രാമചന്ദ്രൻ
text_fieldsമനാമ: ഐ.സി.ആർ.എഫ് ചെയർമാൻ എന്ന നിലയിൽ മൂന്നു വർഷത്തെ പ്രവർത്തനം സന്തോഷം നൽകുന്നതായിരുന്നെന്നും സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും ഡോ. ബാബു രാമചന്ദ്രൻ. ഐ.സി.ആർ.എഫ് ഉപദേശകൻ എന്ന നിലയിൽ ഇനിയും ഐ.സി.ആർ.എഫ് ടീമിനൊപ്പമുണ്ടാകും. ടീം വർക്കിലൂടെയാണ് ഐ.സി.ആർ.എഫിന് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞത്.
350ഓളം വരുന്ന വളന്റിയർമാർ അതിനായി കൂട്ടായി പ്രവർത്തിച്ചു. ഇപ്പോഴത്തെ അംബാസഡർ വിനോദ് കെ. ജേക്കബും മുൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും നൽകിയ പിന്തുണ സമാനതകളില്ലാത്തതായിരുന്നു. എംബസി ജീവനക്കാരും കോൺസുലാർ ടീമും മാധ്യമപ്രവർത്തകരും ഐ.സി.ആർ.എഫ് പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചു.
സ്പോൺസർമാരെ കണ്ടെത്താനും വിവിധ ആശ്വാസപദ്ധതികൾ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞു എന്നുള്ളത് സന്തോഷകരമാണ്. 100 ദീനാറിൽ കുറവ് മാസ ശമ്പളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് മരണം സംഭവിച്ചാൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതി ഐ.സി.ആർ.എഫ് വർഷങ്ങളായി നടപ്പാക്കി വരുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ അത് 125 ദീനാറിൽ കുറവ് മാസ വരുമാനമുള്ളവരുടെ അനന്തരാവകാശികൾക്ക് എന്ന നിലയിൽ ഭേദഗതി വരുത്തി. നിരവധിപേർക്ക് ഈ സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും നിയമ, ആരോഗ്യ ഉപദേശങ്ങൾ നൽകാനും ഐ.സി.ആർ.എഫ് പ്രതിജ്ഞബദ്ധമായിരുന്നു. മനാമ തീപിടിത്ത സമയത്തൊക്കെ ക്രിയാത്മകമായി ഇടപെടാനും എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്താനും ഐ.സി.ആർ. എഫിനായിട്ടുണ്ട്.
വിമൻസ് ഫോറം പ്രവർത്തനങ്ങൾ സജീവമായി എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. ഐ.സി.ആർ.എഫിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 25,000 ആളുകളിലേക്ക് നേരിട്ടെത്തുക എന്ന ലക്ഷ്യവുമായാണ് പ്രവർത്തിക്കുന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.