കെ.ജി. ബാബുരാജന് ജന്മനാടിന്റെ ആദരം
text_fieldsമനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന് ജന്മനാടിന്റെ ആദരം. വൈസ്മെൻ ക്ലബ് ഓഫ് തിരുവല്ല ടൗണിന്റെ നേതൃത്വത്തിൽ തിരുവല്ല മാർതോമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കെ.ജി. ബാബുരാജനെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്.
വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്ന പാലമാണ് പ്രവാസികളെന്ന് വി. മുരളീധരൻ പറഞ്ഞു. രാജ്യത്തിന്റെ സമസ്ത മേഖലക്കും അവർ നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന കെ.ജി. ബാബുരാജന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി പാവപ്പെട്ടവരുടെ ജീവിതത്തിൽ വെളിച്ചമേകാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡന്‍റ് ബാബു പറയത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
മുൻ മന്ത്രി ജി. സുധാകരൻ, ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, നടി നവ്യ നായർ, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംേപ്ലായീസ് വെൽഫെയർ ബോർഡ് ചെയർമാൻ ആർ. സനൽകുമാർ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ്, പ്രോഗ്രാം കൺവീനർ സോവിച്ചൻ ചേന്നാട്ടുശ്ശേരി, ക്ലബ് സെക്രട്ടറി ജിക്കു വട്ടശേരി എന്നിവർ സംസാരിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 70 നിർധന കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും 100 കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.