ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി
text_fieldsമനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. സന്തുലിതമായ വിദേശനയമാണ് ബഹ്റൈൻ സ്വീകരിക്കുന്നതെന്നും നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവയിൽ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
2016ൽ തെഹ്റാനിലെ സൗദി എംബസിയിൽ ഇറാൻ നടത്തിയ ആക്രമത്തെത്തുടർന്നാണ് ബഹ്റൈൻ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നത്. എന്നാൽ, 2024ൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ധാരണയിലെത്തുകയായിരുന്നു. പ്രാദേശിക സ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. 2024 ൽ റാശിദ് അൽ സയാനി ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹീം റൈസിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ തെഹ്റാൻ സന്ദർശിച്ചിരുന്നു.
ശേഷം നടന്ന ഇറാന്റെ പ്രസിഡന്റ് സ്ഥാനാരോഹണത്തിലും ബഹ്റൈന്റെ പങ്കാളിത്തം ഉണ്ടായി. 2024 ഒക്ടോബറിൽ ഇറാൻ വിദേശകാര്യ മന്ത്രി ബഹ്റൈൻ സന്ദർശിക്കുകയും ഹമദ് രാജാവ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.