പുനരുദ്ധാരണത്തിനൊരുങ്ങി മനാമ ശ്രീകൃഷ്ണ ക്ഷേത്രം
text_fieldsമനാമ: ചരിത്രപ്രസിദ്ധമായ മനാമ സൂക്കിലെ 200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം നവീകരിക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി. ഏകദേശം 20 ലക്ഷം ദീനാർ ചെലവഴിച്ച് 1817 ൽ നിർമ്മിതമായ ക്ഷേത്രം നവീകരിക്കാനാണ് പദ്ധതി.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന വസ്തുവിന് പ്രത്യേക പദവി നൽകിക്കൊണ്ട് ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവ് പുറപ്പെടുവിച്ചു.
സാധാരണ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ നിന്ന് ഇതോടെ ഇളവ് ലഭിക്കും. ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് റോഡ്, കാർ പാർക്കിംഗ് നിയന്ത്രണങ്ങൾ ബാധിക്കാത്ത രീതിയിൽ പുതിയ വർഗ്ഗീകരണം നൽകാൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡും ഏകകണ്ഠമായ അംഗീകാരം നൽകിയിരുന്നു.
ബ്രിട്ടനിലെ ചാൾസ് രാജാവും കാമില രാജ്ഞിയും 2016 നവംബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കൊപ്പം ക്ഷേത്രം സന്ദർശിച്ചിരുന്നു. 2019ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അന്ന് ആസുത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്തംഭിച്ചു. ഇന്ത്യ വിഭജനത്തിനുമുമ്പ് സിന്ധ് പ്രവിശ്യയിൽനിന്ന് ബഹ്റൈനിലെത്തിയ തട്ടായി ഹിന്ദു സമുദായമാണ് ക്ഷേത്രം സ്ഥാപിച്ചത്.
തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയും തട്ടായി ഹിന്ദു കമ്മ്യൂണിറ്റിയുമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലകൾ നിർവഹിക്കുന്നത്. രണ്ട് അത്യാധുനിക ഹാളുകൾ, മൂന്ന് ധ്യാനകേന്ദ്രങ്ങൾ, ഓഫീസുകൾ, ഒരു വിജ്ഞാന കേന്ദ്രം, മ്യൂസിയം എന്നിവ അടക്കം മൂന്ന് നിലകളുള്ള ഘടനയായിരിക്കും നവീകരിക്കുമ്പോൾ ക്ഷേത്രത്തിനുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.