മത്സ്യത്തൊഴിലാളികളായ പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു
text_fieldsമനാമ: ബഹ്റൈനിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. രാജ്യത്തിന്റെ മത്സ്യസമ്പത്തും മത്സ്യബന്ധന പാരമ്പര്യവും സംരക്ഷിക്കാനും മേഖലയിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുദ്ദേശിച്ചാണ് നടപടി.
പാർലമെന്റ് സെഷനിൽ എം.പിമാരായ മുനീർ സെറൂർ, ലുൽവ അൽ റുമൈഹി, നജീബ് അൽ കുവാരി, മറിയം അൽ സയേഗ്, മുഹമ്മദ് അൽ അഹമ്മദ്എന്നിവരാണ് നിർദേശം മുന്നോട്ടുവെച്ചത്.വിദേശ തൊഴിലാളികൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്ന് എം.പിമാർ പറഞ്ഞു. അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ ശോഷണത്തിനിടയാക്കുന്നു.
പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ എം.പിമാർ പ്രകടിപ്പിച്ചു. മത്സ്യബന്ധനം ബഹ്റൈന്റെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയുടെ ആണിക്കല്ലായിരുന്നു. പൂർവികരുടെ ചരിത്രത്തിലും പൈതൃകത്തിലും ആഴത്തിൽ വേരൂന്നിയതാണ് മത്സ്യബന്ധനമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
അമിതമായ മത്സ്യബന്ധനവും പാരിസ്ഥിതിക നാശവും ബഹ്റൈനിലെ മത്സ്യബന്ധന മേഖലയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. ഈ വെല്ലുവിളികൾ അടിയന്തരമായി നേരിടേണ്ടതുണ്ട്. അതുകൊണ്ട് നിയന്ത്രണം അനിവാര്യമാണെന്നും എം.പിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.