വ്യോമ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതടക്കം ചർച്ച ചെയ്ത് റൂട്ട്സ് വേൾഡ് സമ്മേളനം
text_fieldsമനാമ: ആഗോള വ്യോമയാന വ്യവസായത്തിന്റെ ഭാവി സംബന്ധിച്ച നിർണായക നടപടികളടക്കം ചർച്ച ചെയ്ത് റൂട്ട്സ് വേൾഡ് സമ്മേളനത്തിന് ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ തുടക്കം. വ്യോമ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ വ്യോമയാന വ്യവസായത്തിലെ മുൻനിര ആഗോള ഇവന്റായ റൂട്ട്സ് വേൾഡിന്റെ 29ാമത് പതിപ്പ് ചർച്ച ചെയ്യുന്നുണ്ട്.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ), ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് എന്നിവയുമായി സഹകരിച്ച് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) നിയന്ത്രിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടാണ് ഒക്ടോബർ 8 വരെ നടക്കുന്ന ‘റൂട്ട്സ് വേൾഡ് 2024’ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ലോകമെമ്പാടുമുള്ള 230 എയർലൈനുകളെയും 530 വിമാനത്താവളങ്ങളെയും പ്രതിനിധീകരിച്ച് 2,300ലധികം വ്യോമയാന വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. കൊച്ചി ഇന്റർനാഷനൽ എയർപോർട്ടിന്റേതടക്കം സ്റ്റാളുകൾ സമ്മേളന നഗരിയിലുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സാറാ അഹമ്മദ് ബുഹിജി, ഗൾഫ് എയർ ഗ്രൂപ് (ജി.എഫ്.ജി) ചെയർമാൻ ഖാലിദ് ഹുസൈൻ തഖി, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.ബഹ്റൈനിൽ ആദ്യമായാണ് റൂട്ട്സ് വേൾഡ് നടക്കുന്നത്.
പങ്കെടുക്കുന്നവർക്ക് രാജ്യത്തിന്റെ സാധ്യതകൾ, കഴിവുകൾ, തന്ത്രപരമായ സ്ഥാനം എന്നിവ നേരിട്ട് കാണാൻ വിലപ്പെട്ട അവസരം നൽകുന്നുവെന്ന് ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി അഭിപ്രായപ്പെട്ടു. സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ആഗോള വ്യോമയാനമേഖല രൂപപ്പെടുത്തുന്നതിൽ ഈ ഘടകങ്ങൾ ബഹ്റൈനെ ഒരു പ്രധാന പങ്കാളിയാക്കുന്നു.
ബഹ്റൈൻ റൂട്ട്സ് വേൾഡ് 2024ന് ആതിഥേയത്വം വഹിക്കുന്നത് ടൂറിസം സ്ട്രാറ്റജി 2022-2026 ൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന തന്ത്രപരമായ ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരം ശക്തിപ്പെടാനും വ്യോമയാന മേഖലകളുടെ സഹകരണം സഹായിക്കും. കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാകാൻ ബഹ്റൈന് ഈ സമ്മേളനം അവസരമൊരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമയാനം, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകൾക്ക് ഒരു സുപ്രധാന നാഴികക്കല്ലായി റൂട്ട്സ് വേൾഡ് 2024 അടയാളപ്പെടുത്തുന്നുവെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് യൂസിഫ് അൽബിൻഫാല പറഞ്ഞു.
ഭൂമിശാസ്ത്രപരമായ അനുയോജ്യസ്ഥാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ ഉപയോഗിച്ച്, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഒരുപോലെ ആകർഷകമായ ലക്ഷ്യസ്ഥാനമായി ബഹ്റൈനെ പരിവർത്തനപ്പെടുത്താൻ പരിപാടി സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.