തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ ധനസഹായം: ലക്ഷം പേർക്ക് നൽകി; വിതരണം ചെയ്തത് 50 കോടി
text_fieldsമനാമ: ലോക്ഡൗൺ കാരണം കേരളത്തിൽനിന്ന് വിദേശത്തേക്കു മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരുലക്ഷം പേർക്ക് നൽകിയതായി നോർക്ക അറിയിച്ചു. 50 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്.
ഒന്നര ലക്ഷത്തോളം പേരാണ് സഹായത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും സഹായം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. കുറേപ്പേർ ഇതിനകം വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ജനുവരി ഒന്നിനുശേഷം അവധിക്ക് നാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരുകയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിൽ 'covid support' എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് 'തിരുത്തലുകൾ വരുത്തുക' എന്ന ഒാപ്ഷനിൽ പോയി അനുബന്ധ രേഖകള്‍ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ 23 വരെയാണ് ഇതിന് സമയം.
എൻ.ആർ.ഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോർക്ക- റൂട്ട്സിൽനിന്ന് ബന്ധപ്പെടുന്ന മുറക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. മതിയായ രേഖകൾ സമർപ്പിക്കുന്നവർക്ക് സഹായധനം അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 8452
കൊല്ലം 8884
പത്തനംതിട്ട 2213
ആലപ്പുഴ 5493
കോട്ടയം 2460
ഇടുക്കി 523
എറണാകുളം 2867
തൃശൂർ 10830
പാലക്കാട് 6647
മലപ്പുറം 18,512
കോഴിക്കോട് 14,211
വയനാട് 1281
കണ്ണൂർ 11,006
കാസർകോട് 6621
മൊത്തം 100000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.