വിദേശ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
• എൽ.എം.ആർ.എ ( ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി)
എൽ.എം.ആർ.എ ഒരു ഏകോപന അതോറിറ്റിയാണ്. പല വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായും വേഗത്തിലും ചെയ്യുകയെന്ന ദൗത്യമാണ് എൽ.എം.ആർ.എ നിർവഹിക്കുന്നത്. ഒരു വിദേശ തൊഴിലാളി ഇവിടെ വരുന്നതിനുള്ള തൊഴിൽ വിസ, മെഡിക്കൽ അപ്പോയിൻമെന്റ്, സി.പി.ആർ അപ്പോയിൻമെന്റ്, ഇവിടെ താമസിക്കുന്നതിനുള്ള വിസ, തൊഴിൽ / താമസ വിസ പുതുക്കുക, വിസ റദ്ദുചെയ്യുക, ഒരു ജോലിയിൽനിന്ന് മറ്റൊരു ജോലിയിലേക്ക് മാറുക തുടങ്ങിയ എല്ലാ കാര്യങ്ങളും എൽ.എം.ആർ.എയാണ് ചെയ്യുന്നത്.
തൊഴിൽതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സഹായവും തൊഴിലാളികൾക്ക് എൽ.എം.ആർ.എ നൽകാറുണ്ട്. ഗാർഹിക തൊഴിലാളികളുടെ വിസ സംബന്ധമായ എല്ലാ കാര്യങ്ങളും എൽ.എം.ആർ.എ തന്നെയാണ് ചെയ്യുന്നത്.
• തൊഴിൽ നിയമം
തൊഴിൽ നിയമം എല്ലാ തൊഴിലാളികൾക്കും ബാധകമാണ്. ബഹ്റൈനികൾക്കും വിദേശ തൊഴിലാളികൾക്കും ഒരുപോലെ ബാധകം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള വ്യവസ്ഥകളും നിബന്ധനകളുമാണ് തൊഴിൽ നിയമത്തിലുള്ളത്. ഒരു തൊഴിലാളിക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, തൊഴിൽ സമയം, തൊഴിലാളികളുടെയും തൊഴിലുടമയുടെയും ബാധ്യതകൾ, അവകാശങ്ങൾ, തൊഴിൽ കഴിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ, തൊഴിൽ കരാറിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം തുടങ്ങിയവയാണ് തൊഴിൽ നിയമത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
തൊഴിൽതർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കേണ്ട രീതികൾ, ഏത് കോടതിയാണ് അത് കൈകാര്യം ചെയ്യുന്നത്, എത്ര നാൾകൊണ്ട് കേസ് തീർപ്പാക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തൊഴിൽ നിയമത്തിലുണ്ട്.
• സോഷ്യൽ ഇൻഷുറൻസ്
സോഷ്യൽ ഇൻഷുറൻസ് എന്നത് ഇവിടെ തൊഴിൽ സംബന്ധമായി എത്തുന്ന എല്ലാ വിദേശികൾക്കും സോഷ്യൽ ഇൻഷുറൻസ് നിയമപ്രകാരം നിർബന്ധമായി ലഭിക്കുന്ന ഇൻഷുറൻസ് സംരക്ഷണമാണ്.
തൊഴിലാളിക്ക് തൊഴിൽസ്ഥലത്തും തൊഴിലിടങ്ങളിലുമുണ്ടാകുന്ന അപകടങ്ങൾക്ക് സോഷ്യൽ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കും. ഈ വർഷം മുതൽ ജോലി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ, അതായത് ലീവിങ് ഇൻഡമിനിറ്റി, സോഷ്യൽ ഇൻഷുറൻസ് വഴിയായിരിക്കും ലഭിക്കുക. ഇതിന്റെ പൂർണ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഗാർഹിക തൊഴിലാളികൾക്ക് സോഷ്യൽ ഇൻഷുറൻസ് ഇതുവരെ ബാധകമാക്കിയിട്ടില്ല.
• ഇമിഗ്രന്റ് ഡയറക്ടറേറ്റ്
വിസ സംബന്ധമായതും എൽ.എം.ആർ.എ ചെയ്യാത്തതുമായ കാര്യങ്ങളാണ് ഇമിഗ്രന്റ് ഡയറക്ടറേറ്റ് ചെയ്യുന്നത്. അതായത് ഇൻവെസ്റേറഴ്സ്, റിട്ടയർമെന്റ്, ഗോൾഡൻ, ബിസിനസ്, ടൂറിസ്റ്റ് വിസ എന്നിവയെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.