റയ്യാൻ സ്റ്റഡി സെന്റർ മലയാളദിനം ആചരിച്ചു
text_fieldsമനാമ: മാതൃഭാഷയെ കൈയൊഴിയുന്ന മലയാളികളിൽ മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഓർമിപ്പിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ മലയാളദിനാചരണം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷയുടെ ആരംഭവും വിവിധ ഭാഷാപണ്ഡിതന്മാർ മലയാളഭാഷ പ്രചരിപ്പിക്കാൻ വേണ്ടി ചെയ്ത ത്യാഗങ്ങളെയും അദ്ദേഹം ഓർമിപ്പിച്ചു.
ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മുസ്ലിം പണ്ഡിതന്മാർ മലയാളഭാഷയിലൂടെ നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും ഇന്നും ചരിത്രത്തിന്റെ ഭാഗമാണെന്നും, പുത്തൻ തലമുറക്ക് മലയാളം പഠിപ്പിക്കുകവഴി റയ്യാൻ സെന്റർ അത്തരത്തിലുള്ളൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മുടെ ഹൃദയത്തിൽ തോന്നിയ ആശയം അതുപോലെ മറ്റുള്ളവരിൽ എത്തിക്കാൻ മാതൃഭാഷക്കു മാത്രമേ സാധിക്കൂവെന്നും ഒട്ടേറെ സാഹിത്യകാരന്മാരുടെ കൃതികളാൽ സമ്പന്നമായ നമ്മുടെ മലയാളത്തിലിന്ന് വായന നഷ്ടപ്പെടുന്നുവെന്നും അധ്യക്ഷപ്രസംഗത്തിലൂടെ രിസാലുദ്ദീൻ എം അഭിപ്രായപ്പെട്ടു.
ഇരയിമ്മൻതമ്പിയുടെയും കുഞ്ഞുണ്ണിമാഷിന്റെയും ചെറുശ്ശേരിയുടെയുമൊക്കെ കവിതകൾ കുട്ടികൾ ആലപിച്ചപ്പോൾ മലയാളത്തിന്റെ മാധുര്യം ഒന്നുകൂടി അയവിറക്കാൻ അനുവാചകർക്ക് സാധിച്ചു.
ആർത്തനാദങ്ങളുയരുന്ന ഗസ്സയെയും ഫലസ്തീനെയും ഓർമിക്കാനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രസംഗത്തിലൂടെയും കവിതയിലൂടെയും കഥയിലൂടെയും ഗാനാലാപനത്തിലൂടെയും കുട്ടികൾ ശ്രമിച്ചു. അക്ഷരക്കൂട്ടം, സംഘഗാനം, ആംഗ്യഗാനം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. മലയാളദിനത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച ഫലസ്തീൻ വിഷയമാക്കിയ കവിതരചനയിൽ യഥാക്രമം മുഹമ്മദ് ഫാസിൽ, അൽഫിയ ബിൻത് അബ്ദുസ്സലാം, സിനാൻ പുളിക്കലകത്ത്, ഹംസ അഹമ്മദ്, നാസിറ ആഷിക്ക് എന്നിവർ സമ്മാനം കരസ്ഥമാക്കിയപ്പോൾ, ‘ലഹരിയും യുവത്വവും’ വിഷയത്തെ ആസ്പദമാക്കി ലേഖനമെഴുതി അഖില ബിൻത് അമീർ, സലീന റാഫി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സിറാജ് പള്ളിക്കര, അബ്ദുൽ ലത്തീഫ് ആലിയമ്പത്ത് എന്നിവർ കവിതകൾ ചൊല്ലി. മാതൃ ഭാഷയുടെ മഹത്ത്വത്തെക്കുറിച്ച് റഷീദ് മാഹി സംസാരിച്ചു. യുവ കവി സാദിഖ് ബിൻ യഹ്യ മത്സരത്തിൽ പങ്കെടുത്തവരുടെ കൃതികളെ വിലയിരുത്തി. ബിനു ഇസ്മായിൽ സ്വാഗതവും സുഹാദ് ബിൻ സുബൈർ നന്ദിയും പറഞ്ഞു. വി.പി. അബ്ദു റസാഖ്, ഹംസ അമേത്ത്, ലത്തീഫ് ചാലിയം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.