മണ്ണു സംരക്ഷണ ദൗത്യവുമായി സദ്ഗുരു ബഹ്റൈനിൽ
text_fieldsമനാമ: മണ്ണിനെ സംരക്ഷിക്കുക എന്ന ദൗത്യവുമായി ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു നടത്തുന്ന ലോകപര്യടനം ബഹ്റൈനിൽ എത്തി.
26 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സന്ദേശയാത്ര നടത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ 'മണ്ണ് സംരക്ഷണ പ്രസ്ഥാനം' ബഹ്റൈനിൽ എത്തിയത്. മണ്ണിന്റെ നശീകരണം തടഞ്ഞ് ലോകത്തെ സംരക്ഷിക്കുക എന്ന ദൗത്യമാണ് സദ്ഗുരു ഏറ്റെടുത്തിരിക്കുന്നത്.
400 കോടി ജനങ്ങളിലേക്ക് മണ്ണ് സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കുകയാണ് മാർച്ച് 21ന് ലണ്ടനിൽനിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യമെന്ന് ഇന്ത്യൻ എംബസിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സദ്ഗുരു പറഞ്ഞു. ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു. മണ്ണിൽ ചുരുങ്ങിയത് മൂന്നുമുതൽ ആറു ശതമാനം വരെ ജൈവ സാന്നിധ്യമാണ് ഭൂമിയുടെ നിലനിൽപിന് അനിവാര്യമായിട്ടുള്ളത്. എന്നാൽ, ലോകത്തെ മിക്ക രാജ്യങ്ങളിലും ഒരു ശതമാനത്തിലും താഴെയാണ് മണ്ണിലെ ജൈവസാന്നിധ്യം. ഘട്ടംഘട്ടമായി വർഷങ്ങൾ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ മാത്രമേ ഇത് വർധിപ്പിക്കാൻ കഴിയൂ.
ഇതിനായി സർക്കാറുകളെ പ്രേരിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ കൃഷിയോഗ്യമായ ഭൂമിയിൽ 52 ശതമാനവും നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ജനങ്ങൾ ഉച്ചത്തിൽ ആവശ്യപ്പെട്ടാൽ മാത്രമേ സർക്കാറുകൾ മണ്ണു സംരക്ഷണത്തിനാവശ്യമായ നയങ്ങൾ രൂപപ്പെടുത്താൻ തയാറാവൂ. അതിസങ്കീർണമായ സാങ്കേതിക വിദ്യകളോ അറിവുകളോ ഭീമമായ തുകയോ മണ്ണുസംരക്ഷണത്തിന് ആവശ്യമില്ല. ഈ ചുമതല നിറവേറ്റാനുള്ള ധൈര്യം മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.