ബഹ്റൈൻ പ്രവാസത്തിന് വിരാമമിട്ട് സാജനും കുടുംബവും
text_fieldsമനാമ: മൂന്നരപ്പതിറ്റാണ്ടു നീണ്ട ബഹ്റൈൻ പ്രവാസത്തിന് വിരാമമിടുകയാണ് സാജൻ വർഗീസും (65) കുടുംബവും. പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽനിന്ന് 1985 ജൂലൈ 29ന് ബഹ്റൈെൻറ മണ്ണിൽ കാലുകുത്തിയ സാജൻ വർഗീസ് ഇൗ രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും ഹൃദയത്തിൽ സൂക്ഷിച്ചാണ് മടങ്ങുന്നത്.
ഹസൻ ആൻഡ് ഹബീബ് സൺസ് ഒാഫ് മഹ്മൂദ് കമ്പനിയുടെ കീഴിലെ ഫൈൻ ഫുഡ്സ് ഡിവിഷനിൽ ഫിനാൻസ് മാനേജരായാണ് സാജൻ ജോലിയിൽനിന്ന് വിരമിക്കുന്നത്. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന സഹോദരൻ ജേക്കബ് വർഗീസാണ് സാജനെ ഇങ്ങോട്ടുകൊണ്ടുവന്നത്. ആദ്യ രണ്ടു വർഷം ജപ്പാൻ പത്രത്തിെൻറ ഒാഫിസിൽ ജോലി ചെയ്തു. പിന്നീടാണ് ഇപ്പോഴത്തെ കമ്പനിയിൽ എത്തിയത്. 33 വർഷം ഇതേ കമ്പനിയിൽ ജോലി ചെയ്തു.
ഭാര്യ സുനിത സാജൻ ഗൾഫ് മീഡിയ ഇൻറർനാഷനലിൽ അക്കൗണ്ടൻറായിരുന്നു. ബഹ്റൈനിൽ ജനിച്ചുവളർന്ന മകൻ സുബിൻ സാജൻ ഇപ്പോൾ കാനഡയിലാണുള്ളത്. മകൾ ഡോ. ഷെറിൽ സാജൻ ഇവിടെയുണ്ട്.
ആഗസ്റ്റ് 13ന് ബഹ്റൈനിൽനിന്ന് അമേരിക്കയിലേക്കാണ് സാജനും കുടുംബവും പോകുന്നത്. അവിടെ അദ്ദേഹത്തിന് ഗ്രീൻ കാർഡുണ്ട്. പിന്നീട് നാട്ടിൽ സ്ഥിരതാമസമാക്കണമെന്നാണ് ആഗ്രഹം. സെൻറ് മേരീസ് ഇന്ത്യൻ ഒാർത്തഡോക്സ് കത്തീഡ്രലിലെ സജീവ അംഗമായ സാജൻ വർഗീസ് രണ്ട് വർഷം ട്രസ്റ്റിയായും എട്ടു വർഷം സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കമ്മിറ്റികളിലും സജീവമായിരുന്നു.
ബഹ്റൈനെക്കുറിച്ച് നല്ല ഒാർമകളാണുള്ളതെന്ന് ഇദ്ദേഹം പറയുന്നു. സ്വന്തം രാജ്യം പോലെയാണ് ഇവിടെ കഴിഞ്ഞ നാളുകളിൽ അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.