വീണ്ടും മിഴിതുറന്ന് സൽമാനിയ വാട്ടർ ഗാർഡൻ
text_fieldsമനാമ: നവീകരണ പദ്ധതികൾ പൂർത്തീകരിച്ച് സൽമാനിയയിലെ വാട്ടർ ഗാർഡൻ കവാടം വീണ്ടും തുറന്നു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പ്രിയപ്പെട്ട ഈ പാർക്ക് 2017ലാണ് അടച്ചത്.
ഏകദേശം 25 ലക്ഷം ദീനാർ ചെലവിൽ നവീകരിച്ചാണ് കഴിഞ്ഞദിവസം പാർക്ക് തുറന്നത്.
പുതുമ നിറഞ്ഞ നിരവധി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ബോട്ടാണിക്കൽ ഗാർഡൻ, കൃത്രിമ തടാകം, നടപ്പാതകൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഏരിയ, ഗാർഡനുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, പക്ഷിക്കൂടുകൾ എന്നിവ പാർക്കിന്റെ ആകർഷണീയതയാണ്.
ബോട്ടാണിക്കൽ ഗാർഡനിൽ വിവിധ തരം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ബദാം, അത്തിപ്പഴം, നാരങ്ങ, മാവ്, മാതളം, ഈന്തപ്പന, ആര്യവേപ്പ് തുടങ്ങിയ മരങ്ങൾ ഇവിടെയുണ്ട്.
സ്റ്റെയർ കെയ്സ് വ്യൂവിലൂടെ ഇരുവശത്തായി നിർമിച്ച കൃത്രിമ താടാകവും അതിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെയും താറാവുകളെയും കാണാം.
താടാകത്തിന് ചുറ്റും എൽ.ഇ.ഡി ലൈറ്റ് അലങ്കരിച്ചിരിക്കുന്നതും മനോഹരമാണ്. വിശാല പാർക്കിങ്ങും ഭക്ഷണശാലകളും ടോയ്ലറ്റുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുതിർന്നവർക്ക് മുന്നൂറ് ഫിൽസാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വൈകീട്ട് മൂന്നു മുതൽ രാത്രി പത്തു വരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.