സമാജം ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി
text_fieldsമനാമ: മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി ബഹ്റൈനിൽനിന്ന് മടങ്ങുന്ന അംബാസഡർ പീയൂഷ് ശ്രീവാസ്തവക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ വാണിജ്യ നയതന്ത്ര മേഖലകളിലെ ഉന്നതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബഹ്റൈൻ - ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രീശ്രീവാസ്തവ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യത്തിലും ബഹ്റൈൻ- ഇന്ത്യ വാണിജ്യം ഇരട്ടിയിലേറെ വർധിപ്പിക്കാൻ കഴിഞ്ഞത് പീയൂഷ് ശ്രീവാസ്തവയുടെ നയതന്ത്ര വൈദഗ്ധ്യത്തിന് ഉദാഹരണമാണെന്ന് അൽഫനാർ ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ് സ്ഥാപകനും മുൻ തൊഴിൽ കാര്യ മന്തിയുമായ അബ്ദുൽ നാബി അൽ ഷോലെ ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർമാർക്കിടയിൽ ഏറ്റവും ജനകീയനായ വ്യക്തിയാണ് അദ്ദേഹമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സമാജം ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് രാധാകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. അംബാസഡറുടെ പത്നി മോണിക്ക ശ്രീവാസ്തവ സമാജത്തിനും ബഹ്റൈൻ ഇന്ത്യൻ സമൂഹത്തിനും നൽകിയ സേവനങ്ങളെ സമാജം പ്രസിഡന്റ് പ്രശംസിച്ചു. ബഹ്റൈൻ കേരളീയ സമാജം നടത്തിവരുന്ന വിവിധ കലാ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിച്ചു. കോവിഡ് സമയത്ത് സമാജം നടത്തിയ ചാർട്ടേർഡ് വിമാന സർവിസ്, ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച പദ്ധതി എന്നിവയെല്ലാം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സാമൂഹികകാര്യ അണ്ടർസെക്രട്ടറി സഹാർ അൽ മന്നായി, വിദേശകാര്യ മന്ത്രാലയം പ്രതിനിധി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ധയീൻ, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ അൽ ജുമ, അൽബ സി.ഇ.ഒ. അലി അൽ ബക്കാലി, ഫ്രഞ്ച് അംബാസഡർ ജെറോം കൊച്ചാർഡ്, തായ്ലന്റ് അംബാസഡർ പിയാ പക് ശ്രീചരൺ, മോണിക്ക ശ്രീവാസ്തവ, സാമൂഹിക സംഘടന പ്രതിനിധികൾ, വ്യവസായ വാണിജ്യ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.