ആവേശം നിറഞ്ഞ് സാംസ കായികോത്സവം
text_fieldsആവേശം നിറഞ്ഞ് സാംസ കായികോത്സവംമനാമ: സാംസ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കായികോത്സവം സംഘടിപ്പിച്ചു. പാകിസ്താൻ ക്ലബ്ബ് അങ്കണത്തിൽ നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വനിതാ വേദി പ്രസിഡന്‍റ് ഇൻഷാ റിയാസ് അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തെ വിരസതക്കുശേഷം എത്തിയ കായികോത്സവത്തെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ അംഗങ്ങളും തികഞ്ഞ ആവേശത്തോടെയാണ് സ്വീകരിച്ചത്. സാംസ പ്രസിഡന്‍റ് മനിഷ്, ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ്, ട്രഷറർ വത്സരാജൻ, ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പ്രായത്തിെന്റ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കായി നിരവധി കായിക മത്സരങ്ങൾ നടത്തി. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് കരസ്ഥമാക്കിയവരെ ടൈറ്റിലിസ്റ്റ് ഓഫ് ദി ഡേ ആയി പ്രഖ്യാപിച്ചു.
പുരുഷ വിഭാഗത്തിൽ രഘു ദാസും വനിതാ വിഭാഗത്തിൽ ഷിനു അനസും ആൺകുട്ടികളുടെ വിഭാഗത്തിൽ ധ്യാൻ മുരളീകൃഷ്ണനും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്മൃതി രാജ്‌കുമാറുമാണ് കൂടുതൽ പോയിന്‍റ് നേടി പുരസ്കാര ജേതാക്കളായത്.
വാശിയേറിയ കമ്പവലി മത്സരത്തോടെ മത്സര പരിപാടികൾക്ക് തിരശ്ശീല വീണു. വിജയികൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും വനിതാ വിഭാഗം എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ, സാംസ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, സ്പോൺസർമാരായ ക്യൂവെക്സ് എം.ഡി. അമൽ, കിംസ് ആശുപത്രി അഡ്മിനിസ്ടേഷൻ മാനേജർ അനസ്, എൻ.ഇ.സി മാർക്കറ്റിങ് ഹെഡ് രൂപേഷ് എന്നിവർ ചേർന്ന് മെഡലുകളും സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. വരും കാലങ്ങളിൽ വിപുലമായ കായിക മാമാങ്കം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ബീന ജിജോ സ്വാഗതവും സിതാര മുരളി കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.