സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺനടൻ’ ഇന്ന് സമാജത്തിൽ
text_fieldsമനാമ: പ്രശസ്ത നാടകനടനായിരുന്ന ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഏകാംഗ നാടകമായ ‘പെൺനടൻ’ വ്യാഴാഴ്ച വൈകീട്ട് 7.30ന് കേരളസമാജത്തിൽ അരങ്ങേറും.
ബഹ്റൈൻ മലയാളി ഫോറം മീഡിയാ രംഗുമായി ചേർന്ന് സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടകമത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിനോടനുബന്ധിച്ചാണ് കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മലയാളി ഫോറത്തിന്റെ സഹകരണത്തോടെ നാടകം അവതരിക്കപ്പെടുന്നത്.
സ്ത്രീകൾക്ക് നാടകവേദി അന്യമായിരുന്ന കാലഘട്ടങ്ങളിൽ സ്ത്രീകഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച അതുല്യപ്രതിഭയായ ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. മഹാകവി കുമാരനാശാന്റെ വിഖ്യാതസ്ത്രീ കഥാപാത്രങ്ങളായാണ് വേലുക്കുട്ടി ആശാൻ പകർന്നാട്ടം നടത്തിയിരുന്നത്.
ആശാന്റെ സീതയായും വാസവദത്തയായും ആയിരത്തിൽ അധികം വേദികളിൽ സ്ത്രീകൾക്ക് പോലും അസാധ്യമായ ഭാവങ്ങളുമായി വേലുക്കുട്ടി ആശാൻ അരങ്ങുതകർത്തു. എന്നാൽ, ദാരിദ്ര്യവും കയ്പും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കലാകാരന്റെ അരങ്ങിലെ ജീവിതത്തിന്റെയും യഥാർഥ ജീവിതത്തിന്റെയും വൈരുദ്ധ്യങ്ങളെയാണ് നാടകം ചർച്ചക്കായി മുന്നോട്ടുവെക്കുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നാളിതുവരെ കഴിഞ്ഞിട്ടും സ്ത്രീത്വത്തിന് വിലകൽപിക്കാത്ത സമൂഹം എന്നതിൽനിന്ന് നാട് മുന്നേറിയിട്ടില്ല.
കഥാപാത്രങ്ങളും അവയെ അവതരിപ്പിച്ച നടൻമാരും ഒരേപോലെ സമൂഹത്തിന്റെ നൃശംസതകളേറ്റുവാങ്ങേണ്ടി വന്ന സാഹചര്യമാണ് നാടകം പരിശോധിക്കുന്നത്. പ്രശസ്തിക്കപ്പുറത്ത് കലാകാരൻ നേരിടുന്ന ജീവിത സംഘർഷങ്ങളാണ് നാടകം കാട്ടിത്തരുന്നത്.സിനിമയുടെ തിരക്കുകൾ ഒഴിവാക്കി നാടകത്തിന് സമയം കണ്ടെത്തുന്നത് കലയോടും കലാകാരൻമാരോടുമുള്ള ആത്മാർപ്പണത്തിന്റെ ഭാഗമാണെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം വേദികളിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞു.
കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16ാം വയസ്സിൽ അഭിനയിച്ചുകൊണ്ടാണ് സന്തോഷ് കീഴാറ്റൂര് പ്രഫഷനൽ നാടകരംഗത്ത് എത്തുന്നത്.തിരുവനന്തപുരം അക്ഷരകല, കെ.പി.എ.സി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ.
വാർത്തസമ്മേളനത്തിൽ സന്തോഷ് കീഴാറ്റൂർ, ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, മീഡിയാരംഗ് ഡയറക്ടർ രാജീവ് വെള്ളിക്കോത്ത്, സെക്രട്ടറി ദീപ ജയചന്ദ്രൻ, കൺവീനർ സതീഷ് മുതലയിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.