മന്ത്രിസഭായോഗം: മന്ത്രിമാരുടെ വിവിധ പ്രദേശങ്ങളിലെ സന്ദര്‍ശനം വിജയകരമെന്ന് വിലയിരുത്തല്‍
text_fieldsമനാമ: രാജ്യത്തെ വിവിധ പ്രദേശങ്ങളുടെ വികസനം മുന്‍നിര്‍ത്തി മന്ത്രിമാര്‍ നടത്തിയ സന്ദര്‍ശനങ്ങൾ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ വിവിധ മന്ത്രിമാര്‍ തങ്ങളുടെ സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇത്തരം സന്ദര്‍ശനങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നബിദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി, രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് ആശംസകള്‍ നേര്‍ന്നു. പ്രവാചക മാതൃക സ്വീകരിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ശാന്തിയും സമാധാനവും സുഭിക്ഷതയും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ ജോഹോര്‍ പ്രവിശ്യ സുൽത്താന്‍ ഇബ്രാഹിം ബിന്‍ അല്‍മര്‍ഹൂം സുൽത്താന്‍ ഇസ്കന്ദറിെൻറ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. ഹമദ് രാജാവിെൻറ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയത്. ബഹ്‌റൈനും മലേഷ്യയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനം നിമിത്തമാകുമെന്ന് കാബിനറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കാല്‍ നൂറ്റാണ്ടായി നടക്കുന്ന ‘ജ്വല്ലറി അറേബ്യ എക്‌സിബിഷന്‍’ ഇത്തവണ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ സാധിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തെ സാമ്പത്തിക-വ്യാപാര വളര്‍ച്ചയില്‍ ഇത്തരം എക്‌സിബിഷനുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന എക്‌സിബിഷന്‍ ജനപങ്കാളിത്തം കൊണ്ടും സുസജ്ജമായ സംഘാടനം കൊണ്ടും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനം പേര്‍ കൂടുതലായി പ്രദർശനത്തിനെത്തിയിട്ടുണ്ട്.
വനിത ശാക്തീകരണത്തിനായി രാജ്യത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് ഡിസംബര്‍ ഒന്ന് ബഹ്‌റൈന്‍ വനിതാദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ കാബിനറ്റ് വിലയിരുത്തി. സാമൂഹിക-രാഷ്ട്രീയ-തൊഴില്‍ മേഖലകളില്‍ സ്ത്രീകൾക്കായി വനിത സുപ്രീം കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
ഈജിപ്തിലെ പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഇൗജിപ്തിെൻറ മുന്നേറ്റത്തിന് മന്ത്രിസഭ പുര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീവ്രവാദ വിരുദ്ധ ഇസ്‌ലാമിക സഖ്യസേന രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ പാസാക്കിയ പ്രമേയം മന്ത്രിസഭ സ്വാഗതം ചെയ്തു. തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കം നടത്തുന്നതിനുള്ള ആഹ്വാനമാണ് പ്രമേയം. മേഖലയുടെ സമാധാനത്തിന് ഇത് പ്രേരകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വ്യക്തമാക്കി.സിത്ര, നബീഹ് സാലിഹ്, ജനൂസാന്‍ എന്നിവിടങ്ങളില്‍ ജല വിതരണത്തിന് പുതിയ പൈപ്പ് ലൈനിടൽ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സനാബിസിലെ റോഡുകള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
തീവ്രവാദപ്പട്ടിക പുതുക്കുന്നതിനും നാല് സംഘടനകളെയും സ്ഥാപനങ്ങളെയും 22 വ്യക്തികളെയും ഇൗ പട്ടികയിൽ ചേര്‍ക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കി. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.