സൗദി സഞ്ചാരികൾ വരവായി; യാത്ര നിയന്ത്രണങ്ങൾ പാലിച്ച്
text_fieldsമനാമ: സൗദി അറേബ്യയിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് കിങ് ഫഹദ് കോസ്വേ തയാറെടുപ്പുകൾ പൂർത്തിയാക്കി. തിങ്കളാഴ്ച മുതൽ സൗദി അറേബ്യ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതോടെ ബഹ്റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കോസ്വേ അതോറിറ്റി നിർദേശങ്ങൾ പുറത്തിറക്കി.
മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ബഹ്റൈനും സൗദിയും പുലർത്തുന്ന ജാഗ്രതയെ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എമാദ് അൽ മുഹൈസൻ പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രവിലക്ക് പിൻവലിക്കുന്നത് സാമൂഹിക ബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തിക മേഖലയുടെ ഉണർവിനും കാരണമാകും. അതിർത്തി കടക്കുന്ന യാത്രക്കാർക്ക് ആരോഗ്യ മന്ത്രാലയങ്ങൾ നിഷ്കർഷിച്ച നിബന്ധനകൾ പാലിക്കുന്നുവെന്ന് ഇരു രാജ്യങ്ങളിലെയും അധികൃതർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർ എല്ലാ മുൻകരുതൽ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഒാർമിപ്പിച്ചു.
കോവിഡ് വാക്സിൻ സ്വീകരിക്കുകയോ കോവിഡ് മുക്തി നേടുകയോ ചെയ്ത യാത്രക്കാർക്കാണ് സൗദിയിൽനിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുക. ഇവർ സൗദി അറേബ്യയുടെ തവക്കൽന മൊബൈൽ ആപ്പിൽ ഇതിെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് ഇൻഷുറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനം അനുവദിക്കും.
ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് പോകുന്നവർ ജി.സി.സി രാജ്യങ്ങളിൽ അംഗീകരിച്ച ഏതെങ്കിലും മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സൗദി പൗരന്മാർക്ക് കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കുേമ്പാൾ അധിക നിയന്ത്രണങ്ങളില്ല. എന്നാൽ, മറ്റ് രാജ്യങ്ങളിലെ പൗരന്മാർ കോവിഡ് പരിശോധനക്ക് സാമ്പ്ൾ എടുത്ത് 72 മണിക്കൂർ കഴിയാത്ത നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.ജി.സി.സി രാജ്യങ്ങളിൽനിന്ന് കുത്തിവെപ്പ് നടത്തിയോ രോഗമുക്തി നേടിയോ വരുന്ന യാത്രക്കാർക്ക് ബഹ്റൈനിൽ കോവിഡ് പരിശോധന ഇൗദ് മുതൽ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.