സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ ജൂലൈ രണ്ടിന്
text_fieldsമനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള കടുത്ത അവഗണന മൂലം പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും അധികാരികളുടെയും ജനപ്രതിനിധികളുടേയും മുന്നിൽ എത്തിക്കാനുള്ള ക്രിയാത്മകമായ ആദ്യഘട്ട പരിപാടികൾക്ക് സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റി രൂപം നൽകി. ജൂലൈ രണ്ടിന് വൈകുന്നേരം 7.30ന് സൽമാനിയ ബി.എം.സി ഓഡിറ്റോറിയത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽനിന്നും വിദേശ വിമാന സർവിസുകൾക്ക് അനുമതി നൽകുക, വിമാനത്താവളത്തിനടുത്ത് അടിസ്ഥാന സൗകര്യ വികസനം നടത്തുക, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹ്റൈനിലെ മുഴുവൻ പ്രവാസികളുടെയും പങ്കാളിത്തത്തോടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി (കിയാൽ), മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭയിലെയും പാർലമെന്റിലെയും ജനപ്രതിനിധികൾ എന്നിവർക്കും ജനകീയ ഇ മെയിൽ നിവേദനം നൽകുകയും ചെയ്യും.
ഇതിനായി മുഴുവൻ പ്രവാസി സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളെ കാണാനും ജനകീയ മുന്നേറ്റത്തിൽ പങ്കാളികളാകുവാൻ അഭ്യർഥിക്കുവാനും സേവ് കണ്ണൂർ എയർപോർട്ട് എക്സിക്യൂട്ടിവ് അംഗങ്ങളെ യോഗം ചുമതലപ്പെടുത്തി.
ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ടി. സലിം, നജീബ് കടലായി, സാനി പോൾ, ബദറുദ്ദീൻ പൂവാർ, സജിത്ത് വടകര, ബാബു മാഹി, ഇ.വി. രാജീവൻ, അമൽദേവ്, അൻവർ നിലമ്പൂർ, രാമത്ത് ഹരിദാസ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ, രജീഷ് ഒഞ്ചിയം, ഷറഫുദ്ദീൻ കടവൻ, മനോജ് വടകര, നിസാർ ഉസ്മാൻ, അനീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.