ബഹ്റൈനിൽ വ്യാജ ഫോൺ സന്ദേശങ്ങളിലൂടെ പണംതട്ടുന്ന സംഘങ്ങൾ വീണ്ടും സജീവം
text_fieldsമനാമ: വ്യാജ ഫോൺ സന്ദേശങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവമായി. ആരോഗ്യവകുപ്പിൽനിന്നാണെന്നു പറഞ്ഞാണ് കാൾ വരുന്നത്. കോവിഡ് വാക്സിനേഷന്റെ വിവരങ്ങൾ ചോദിച്ചശേഷം അത് അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി ഫോണിലേക്ക് അയച്ചിരിക്കുന്ന ലിങ്കിൽ കയറണമെന്നുമാണ് പറയുന്നത്. ഫോൺ കട്ട് ചെയ്തിട്ട് ലിങ്ക് നോക്കാമെന്ന് പറയുമ്പോൾ സമ്മതിക്കില്ല.
കാൾ കട്ട് ചെയ്യാതെതന്നെ ലിങ്കിൽ കയറി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ നിർബന്ധിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇങ്ങനെ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോകും. പണം കൈമാറി എന്ന് ബാങ്കിന്റെ മെസേജ് വരുമ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായി എന്ന് ആളുകൾക്ക് മനസ്സിലാകുന്നത്.
പ്രവാസികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് തട്ടിപ്പുകാർ സംസാരിക്കുന്നത്. മുമ്പ് ഇത്തരം ഫോൺ തട്ടിപ്പ് വ്യാപകമായതിനെത്തുടർന്ന് പൊലീസ് കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഏഷ്യക്കാരടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഫോൺ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, തട്ടിപ്പുകാർ സാധാരണക്കാരെയാണ് ഫോണിൽ വിളിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നാണെന്ന് പറയുകയും എൽ.എം.ആർ.എ, ആരോഗ്യവകുപ്പ്, ബാങ്ക് എന്നിവിടങ്ങളിൽനിന്നാണെന്ന് ധരിപ്പിക്കുകയും ചെയ്യും. ഇത് കേട്ട് ഭയക്കുന്ന സാധാരണക്കാർ ഇവരുടെ നിർദേശപ്രകാരം ലിങ്കിൽ കയറുകയോ ഒ.ടി.പി നൽകുകയോ ചെയ്യുമ്പോൾ തട്ടിപ്പിനിരകളാകും. പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും തട്ടിപ്പുകാർ വിളിച്ച സംഭവങ്ങളുണ്ട്.
വിശ്വാസ്യതക്കായി സർക്കാർ സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പശ്ചാത്തലത്തിലിരുന്ന് വിഡിയോ കാൾ ഉൾപ്പെടെ വിളിച്ചതായി നിരവധി പേർ പരാതിപ്പെടുന്നു. പൊലീസിൽ പരാതി നൽകിയാലും ഓൺലൈൻ ഇടപാടായതിനാൽ പലപ്പോഴും തട്ടിപ്പുകാരെ കണ്ടെത്താൻ സാധിക്കുന്നില്ല. പലപ്പോഴും മറ്റു രാജ്യങ്ങളിലിരുന്നാകും തട്ടിപ്പുകാർ ഓപറേഷൻ നടത്തുക. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ വിവിധ തലങ്ങളിൽ ആലോചനകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികാരികൾ പറയുന്നു. ഒരു ഔദ്യോഗിക സ്ഥാപനവും ഫോണിലൂടെ ഇത്തരം അപ്ഡേഷനുകൾ സംബന്ധിച്ച് വിവരങ്ങൾ കൈമാറുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്യാറില്ല. അങ്ങനെ കാൾ വന്നാൽ കട്ട് ചെയ്യുകയോ വിവരങ്ങൾ ഓഫിസിൽ നേരിട്ട് നൽകാമെന്ന് പറയുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.