മന്ത്രിസഭ യോഗം: സ്കൂളുകള്‍ തുറക്കുന്നത് താല്‍ക്കാലികമായി നീട്ടിവെക്കും
text_fieldsമനാമ: സ്കൂളുകളില്‍ പഠനം ആരംഭിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
കോവിഡ് പ്രതിസന്ധി മാറാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഓഫ്ലൈനായി പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയെടുത്ത തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാണ് മന്ത്രിസഭ അനുമതി നൽകിയത്. ക്വാറൻറീൻ കേന്ദ്രങ്ങള്‍ ജനവാസ മേഖലകളില്‍നിന്ന് ദൂരത്തേക്ക് മാറ്റാനുള്ള കോവിഡ് -19 പ്രതിരോധ സമിതിയുടെ നിര്‍ദേശത്തിനും അംഗീകാരം നല്കി.
കോവിഡ് വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടുവന്ന സ്വദേശികള്‍ക്കും പ്രവാസികൾക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാനും കോവിഡിനെ തുടച്ചുനീക്കാനുമുള്ള ശ്രമത്തിന് പൊതുജനങ്ങള്‍ നല്കുന്ന പിന്തുണ ആശാവഹമാണ്. മനുഷ്യത്വവും കാരുണ്യവും സഹജീവിസ്നേഹവുമാണ് ബഹ്റൈന്‍ ജനതയുടെ കരുത്തെന്ന് തെളിയിക്കുന്നതാണ് രജിസ്ട്രേഷനുള്ള തിരക്ക് സൂചിപ്പിക്കുന്നതെന്നും കിരീടാവകാശി വിലയിരുത്തി.
ഫലസ്തീന് ഭൂമി ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന നടപടി അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി യു.എസ് മധ്യസ്ഥതയില്‍ യു.എ.ഇയും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.ചരിത്രപരമായ ഈ കരാര്‍ വഴി മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിലയിരുത്തി. യു.എ.ഇക്ക് നേരെ ഇറാെൻറ ഭീഷണി ചെറുക്കുന്നതിനും മേഖലയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും കരാര്‍ വഴിയൊരുക്കും. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ മന്ത്രിസഭ വിമര്‍ശിച്ചു.
സൗദിക്കുനേരെ ഹൂതി വിമതരുടെ മിസൈലാക്രമണത്തെ യോഗം അപലപിച്ചു. ഇറാഖിലെ സൈദഖാന് പ്രവിശ്യയില്‍ തുര്‍ക്കി നടത്തിയ അക്രമണത്തെയും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇറാഖ് അടക്കമുള്ള മേഖലയിലെ അറബ് രാജ്യങ്ങളുടെ മേലുള്ള കടന്നുകയറ്റമായാണ് ഇതിനെ കരുതുന്നത്. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാനും അയല്‍രാഷ്ട്രങ്ങളോട് സൗഹൃദത്തില്‍ വര്‍ത്തിക്കാനും തുര്‍ക്കിക്ക് ബാധ്യതയുണ്ടെന്നും ഓര്‍മപ്പെടുത്തി. ഹെല്‍ത്ത് സെൻററുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാർക്കും മാസ്ക് അടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് സന്നദ്ധസേവനം നടത്തുന്നതിനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്കി.
ഹിജ്റ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ആശംസ നേര്‍ന്നു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.