വേനലവധി കഴിഞ്ഞു സ്കൂളുകൾ തുറന്നു
text_fieldsമനാമ: വേനലവധിക്കു ശേഷം ബഹ്റൈനിൽ സ്കൂളുകൾ തുറന്നു. ആഹ്ലാദത്തോടെയാണ് രണ്ടു മാസത്തെ അവധിക്കുശേഷം വിദ്യാർഥികൾ സ്കൂളിലേക്കെത്തിയത്. അവധിക്ക് നാട്ടിൽ പോയ പലരും തിരിച്ചെത്താത്തതിനാൽ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം പൊതുവേ കുറവായിരുന്നു. ഉയർന്ന വിമാനനിരക്ക് കാരണമാണ് പല കുടുംബങ്ങളും തിരിച്ചെത്താത്തത്. വൺവേ ടിക്കറ്റ് എടുത്താണ് കൂടുതൽ കുടുംബങ്ങളും ഇത്തവണ നാട്ടിലേക്കു പോയത്. അടുത്ത ആഴ്ചകളിൽ വിമാനനിരക്ക് കുറയുന്ന മുറക്ക് കുടുംബങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ വേനൽച്ചൂട് മുൻവർഷങ്ങളേതിനേക്കാൾ കൂടുതലാണ് ബഹ്റൈനിൽ രേഖപ്പെടുത്തിയത്. ചൂട് കാര്യമായി കുറയാത്തതും പ്രശ്നമാണ്. സ്കൂളുകളിൽ ഒഴിവ് വന്നിരുന്ന സീറ്റുകളിലേക്ക് പുതിയ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്. എന്നാൽ, നിരവധി കുട്ടികൾ ഇപ്പോഴും പ്രവേശനം കിട്ടാതെ കാത്തിരിക്കുകയാണ്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ പുതിയ കുട്ടികൾക്കുള്ള പ്രവേശനം നൽകാനാവൂ എന്നുള്ളതാണ് കാരണം. സ്കൂളുകളുടെ വലുപ്പം, ക്ലാസ് മുറികളുടെ എണ്ണം, സൗകര്യങ്ങൾ, അധ്യാപകരുടെ എണ്ണം എന്നിവയെല്ലാം കണക്കാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയം കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് ഒഴിവ് പ്രതീക്ഷിച്ചിരുന്ന രക്ഷിതാക്കൾ പ്രവേശനത്തിനുവേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിദേശരാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ സ്കൂൾ പ്രവേശനത്തിനായി വരുമ്പോൾ, അവരുടെ സർട്ടിഫിക്കറ്റുകൾ അതത് രാജ്യത്തെ അറ്റസ്റ്റേഷൻ നടത്തേണ്ടത് നിർബന്ധമാണെന്ന് സാമൂഹികപ്രവർത്തകൻ ഫസലുൽ ഹഖ് അറിയിച്ചു. നിരവധി രക്ഷിതാക്കൾ സ്കൂളിൽ എത്തുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നത്. സ്കൂളുകൾ ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും അതിനുവേണ്ട മാർഗങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷ മുഖ്യ പരിഗണനയായിരിക്കണമെന്ന് അധികൃതർ
മനാമ: വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ മുഖ്യ പരിഗണനയായിരിക്കണമെന്ന് അധികൃതർ പറഞ്ഞു. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും വിദ്യാർഥികളെ അപകടത്തിലാക്കിയാൽ കർശനനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സ്വകാര്യ ബസ് ഡ്രൈവർമാർക്കായി നടത്തിയ പരിശീലന ശിൽപശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ റോഡ് സുരക്ഷാനിയമങ്ങളും വേഗപരിധികളോടെ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
ട്രാഫിക് സിഗ്നലുകളുടെ ഉപയോഗം, മറ്റ് റോഡ് ഉപയോക്താക്കളോട് മര്യാദപൂർവമായ പെരുമാറ്റം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തി. ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും അവരെ ഓർമിപ്പിച്ചു. കുട്ടികൾ ആരും ബസിലില്ലെന്ന് യാത്ര അവസാനിക്കുമ്പോൾ ഉറപ്പുവരുത്തണം. കുട്ടികൾ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്.
സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. സ്വകാര്യ ഡ്രൈവർമാരാണ് കുട്ടികളെ കൊണ്ടുപോകുന്നതെങ്കിൽ, അവരെ നിയമിക്കുന്നതിനുമുമ്പ് എല്ലാ ലൈസൻസുകളും ഇൻഷുറൻസും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ രക്ഷിതാക്കളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.