സമുദ്ര വ്യാപാരം കുതിക്കുന്നു
text_fieldsമനാമ: ഖലീഫ ബിൻ സൽമാൻ തുറമുഖത്തെ കണ്ടെയ്നർ നീക്കത്തിൽ ഗണ്യമായ വർധനവെന്ന് കണക്കുകൾ. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗസ്റ്റിൽ തുറമുഖം 39,409 ടി.ഇ.യു ചരക്കുകൾ കൈകാര്യം ചെയ്തു. ജൂലൈയിൽ രേഖപ്പെടുത്തിയത് 28,719 ടി.ഇ.യു ചരക്കായിരുന്നു. ജൂലൈയെ അപേക്ഷിച്ച് 37.2 ശതമാനം വർധനവാണുണ്ടായത്.
ഇത് രാജ്യത്തിന്റെ സമുദ്രവ്യാപാര പ്രവർത്തനങ്ങൾ വർധിക്കുന്നു എന്നതിന്റെ സൂചനയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്ക് വ്യാപാര വർധന സഹായകമാണ്. കണ്ടെയ്നർ ട്രാഫിക്കിൽ ഗണ്യമായ വർധന ഉണ്ടായപ്പോൾ, ജനറൽ കാർഗോ നീക്കം കുറഞ്ഞു. 58.3 ശതമാനം കുറവാണുണ്ടായത്. ജൂലൈയിലെ 1,13,526 ടണ്ണിൽനിന്ന് ആഗസ്റ്റിൽ 47,296 ടണ്ണായാണ് കുറഞ്ഞത്. സമാനമായി, വാഹന ഗതാഗതവും 45.2 ശതമാനം കുറഞ്ഞു. ജൂലൈയിലെ 4,776 വാഹനങ്ങളിൽനിന്ന് ആഗസ്റ്റിൽ 2,618 വാഹനങ്ങളായി കുറഞ്ഞു.
തുറമുഖത്തെത്തിയ കപ്പലുകളുടെ എണ്ണം 57ൽ നിന്ന് 60 ആയി ഉയർന്നു. 5.3 ശതമാനം വളർച്ചയാണിത്. തുറമുഖ കാര്യങ്ങളുടെ മേഖലയിൽ, വിതരണം ചെയ്ത വാണിജ്യ ലൈസൻസുകളുടെ എണ്ണം ജൂലൈയിൽ 17 എണ്ണമായിരുന്നു. ആഗസ്റ്റിൽ ഇത് 20 ആയി ഉയർന്നു. 17.6 ശതമാനം വർധന. രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ പ്രതിഫലനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. പരിശോധനകളുടെ എണ്ണം 12ൽ നിന്ന് 10 ആയി കുറഞ്ഞു. ലിക്വിഡ് കാർഗോ നീക്കത്തിൽ 17.1 ശതമാനം വർധനവുണ്ടായപ്പോൾ സോളിഡ് കാർഗോ 25.9 ശതമാനം കുറയുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.