സേഹാതി കാർഡ് പുറത്തിറക്കി
text_fieldsമനാമ: സ്വദേശികൾക്കും പ്രവാസികൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ രാജ്യത്തെ ആരോഗ്യ രംഗത്ത് പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ പ്രസിഡന്‍റ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
മുഹറഖിലെ ഹാലത് ബു മഹർ ഹെൽത്ത് സെന്‍ററിൽ ദേശീയ ആരോഗ്യ ഇൻഷുറൻസ് (സേഹാതി) കാർഡ് പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രി ഡോ. ജലീല എസ്. ജവാദ് ഹസൻ, പ്രൈമറി ഹെൽത്ത് സെന്‍ററുകളുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ വഹാബ് മുഹമ്മദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ കേന്ദ്രങ്ങളുടെ സ്വയംഭരണ സംവിധാനം എന്നിവയുടെ ഭാഗമായാണ് സേഹാതി കാർഡ് പുറത്തിറക്കുന്നതെന്ന് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. മന്ത്രിസഭ അംഗീകാരം നൽകിയ 2016-2025 കാലത്തെ ദേശീയ ആരോഗ്യ പദ്ധതിയിൽ വിഭാവനം ചെയ്യുന്നതാണ് ഇവ രണ്ടും. 'നിങ്ങളുടെ ഡോക്ടറെ തിരഞ്ഞെടുക്കൂ' എന്ന പദ്ധതി നടപ്പാക്കിയ മുഹറഖിലെ ഹെൽത്ത് സെന്‍ററുകളുടെ കീഴിൽ വരുന്നവർക്ക് കാർഡ് ലഭിക്കുന്നതാണ്. വൈകാതെതന്നെ രാജ്യം മുഴുവൻ പദ്ധതി നടപ്പാക്കും.
രാജ്യത്തെ ആരോഗ്യ മേഖലയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ആരോഗ്യകാര്യ സുപ്രീം കൗൺസിൽ നിർവഹിക്കുന്ന പങ്കിനെ ആരോഗ്യ മന്ത്രി പ്രശംസിച്ചു. ആരോഗ്യ മേഖലയുടെ സേവനം മെച്ചപ്പെടുത്താൻ സേഹാതി കാർഡ് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
ചിപ്പ് അധിഷ്ഠിത സെഹാതി കാർഡിൽ രോഗിയുടെ മെഡിക്കൽ ചരിത്രം, പരിശോധന ഫലങ്ങൾ, രോഗനിർണയം, ഡോക്ടറുടെ കുറിപ്പടി വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ചികിത്സ വിവരങ്ങൾ ഡോക്ടർമാർക്ക് മാത്രമാണ് വായിക്കാൻ കഴിയുക. രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുറമേ, എല്ലാ പ്രാഥമിക ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതാണ് സേഹാതി കാർഡ്. രോഗികളുടെ ചികിത്സ സംബന്ധമായ രേഖകൾ പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ പരസ്പരം കൈമാറുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.