ആത്മഹത്യ പരിഹാരമല്ല: ബോധവത്കരണവുമായി സമാജം^ഷിഫ അൽ ജസീറ സെമിനാര്‍ നാളെ
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററും ചേര്‍ന്ന് നാളെ സമാജത്തില്‍ ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. വൈകീട്ട് ഏഴിന് തുടങ്ങുന്ന സെമിനാറിൽ പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകും. ബഹ്റൈനിലെ മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സൈക്യാട്രി സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി രഘു, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 35 ദിവസത്തിനിടെ ആറു മലയാളികളും ഈ വര്‍ഷം ഇതുവരെ 30 ഇന്ത്യക്കാരും ആത്മഹത്യ ചെയ്തു. വിഷാദവും ആത്മഹത്യാ പ്രവണതയും നിസാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്നങ്ങളാണ്. സമൂഹത്തിെൻറ ക്രിയാത്മക ഇടപെടല്‍ ആവശ്യമുള്ള ഒരു പൊതുജന ആരോഗ്യ പ്രശ്നമായി ഇത് മാറിയിട്ടുണ്ട്.
സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകും. ഈ സാഹചര്യത്തിലാണ് ബോധവത്കരണത്തിനായി ഷിഫയുമായി കൈകോര്‍ക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ആത്മഹത്യയുടെ വിവിധ തലങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ട് വന്ന് ചര്‍ച്ച ചെയ്യാനും പ്രതിരോധ മാര്‍ഗങ്ങള്‍ ആര്‍ജിക്കാനും ലക്ഷ്യമിട്ടാണ് പ്രമുഖ സൈക്യാട്രിസ്റ്റിനെതന്നെ സെമിനാറിന് കൊണ്ടുവന്നത്. അതിനു ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആതുരാലയമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് ഷിഫ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആത്മഹത്യയുടെ പിടിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷാപൂര്‍വമാണ് ഷിഫ നോക്കിക്കാണുന്നതെന്ന് ഡോ. ഷംനാദ് പറഞ്ഞു. ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് കോഴിക്കോട് സ്വദേശിയായ അനീസ് അലി. കേരളത്തില്‍ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പില്‍ ഖത്തറിലും ദുബായിലും അദ്ദേഹം കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.