രാപ്പകലില്ലാതെ സേവനം, സ്വന്തം ആസ്ഥാന മന്ദിരം; അഭിമാനത്തോടെ ബഹ്റൈൻ കെ.എം.സി.സി
text_fieldsമനാമ: ലോകം വിറങ്ങലിച്ചുനിന്ന കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനത്തിന്റെ പുതിയ മാതൃക തീർത്ത ബഹ്റൈൻ കെ.എം.സി.സിയുടെ നിലവിലെ സംസ്ഥാന കമ്മിറ്റി പടിയിറങ്ങുന്നു. സ്വന്തമായി ആസ്ഥാന മന്ദിരം എന്ന സ്വപ്നം സഫലമാക്കിയാണ് 2020-22 വര്‍ഷത്തെ ഭാരവാഹികൾ സ്ഥാനമൊഴിയുന്നത്. പവിഴദ്വീപിലെ ജീവകാരുണ്യ-സാംസ്കാരിക-സാമൂഹിക രംഗത്ത് മുന്‍നിരയിലുള്ള കെ.എം.സി.സിയുടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൗണ്‍സില്‍ മീറ്റ് വെള്ളിയാഴ്ച നടക്കും.
ഹബീബ് റഹ്മാന് സംസ്ഥാന പ്രസിഡന്റായും അസൈനാര്‍ കളത്തിങ്കല്‍ ജന. സെക്രട്ടറിയുമായുള്ള ബഹ്റൈന്‍ കെ.എം.സി.സിയുടെ സംസ്ഥാന കമ്മിറ്റി 2020െന്റ തുടക്കത്തിലാണ് ചുമതല ഏറ്റെടുത്തത്. എന്നാൽ, തികച്ചും അപ്രതീക്ഷിതമായ വെല്ലുവിളികളാണ് പുതിയ കമ്മിറ്റിയെ കാത്തിരുന്നത്. സകല ജീവിത മണ്ഡലങ്ങളെയും നിശ്ചലമാക്കി കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പുതിയ കമ്മിറ്റി ചടുലമായ പ്രവർത്തനങ്ങളുമായി അവസരത്തിനൊത്തുയർന്നു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത പ്രതിസന്ധിയുടെ മുന്നിൽ പതറാതെയുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. ജോലി നഷ്ടപ്പെട്ടും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെയും പകച്ചുനിന്ന ആയിരങ്ങൾക്ക് കെ.എം.സി.സി സാന്ത്വനത്തിന്റെ കരങ്ങൾ നീട്ടി. ബഹ്റൈനിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ ചാർട്ടേഡ് വിമാന സർവിസുകൾ ഏർപ്പെടുത്തി. കോവിഡ് പ്രതിരോധ-സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി ആയിരങ്ങള്‍ക്ക് ആശ്വാസം നല്കിയ കെ.എം.സി.സിക്ക് ബഹ്റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആദരവും ലഭിച്ചു.
ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ കെ.എം.സി.സി ഓഫിസ് യാഥാർഥ്യമാക്കാൻ കഴിഞ്ഞതാണ് സ്ഥാനമൊഴിയുന്ന സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും വലിയ നേട്ടം. 6500 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് കെ.എം.സി.സി ബഹ്റൈന്റെ ഓഫിസ് മനാമയില്‍ പ്രവര്‍ത്തിക്കുന്നത്. കെ.എം.സി.സിയുടെ ജില്ല കമ്മിറ്റികൾക്ക് പ്രത്യേക ഓഫിസുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് വലിയ ഹാളുകൾ, സി.എച്ച് സെന്റർ ഓഫിസ്, ലൈബ്രറി, പ്രാർഥന മുറി എന്നിവയുമുണ്ട്. കെ.എം.സി.സി പ്രവർത്തകരുടെ നീണ്ടകാലത്തെ ആഗ്രഹത്തിനാണ് ഇതോടെ സാക്ഷാത്കാരമായത്. കോവിഡ് പ്രതിസന്ധിക്കിടയിലും സ്വന്തം ആസ്ഥാനമന്ദിരം സാധ്യമാക്കിയത് ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തന മികവിന്റെ ഉത്തമോദാഹരണമാണ്.
ഇതിനു പുറമെ, റമദാൻ കാലത്ത് കെ.എം.സി.സി സംഘടിപ്പിച്ച രണ്ട് ഗ്രാൻഡ് ഇഫ്താറുകൾ പ്രവാസ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചാണ് ആദ്യ ഇഫ്താർ നടത്തിയത്. കെ.എം.സി.സി പ്രവർത്തകർക്കായി നടത്തിയ രണ്ടാമത്തെ സംഗമം ബഹ്റൈനിലെ ഏറ്റവും വലിയ ഇഫ്താർ സംഗമമായി മാറി. ഇന്ത്യൻ സ്കൂളിൽ നടന്ന ഈ പരിപാടിയിൽ 4000ഓളം പ്രവർത്തകരാണ് പങ്കെടുത്ത്.
ബഹ്റൈനിലെ ഭരണകർത്താക്കൾ പ്രവാസി സമൂഹത്തിനും കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്കും നൽകിയ പിന്തുണയും സഹകരണവും വിലമതിക്കാൻ കഴിയാത്തതാണെന്ന് ഹബീബ് റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എല്ലാവരെയും ചേർത്തുപിടിക്കുന്ന ബഹ്റൈൻ ഭരണകൂടം കോവിഡ് കാലഘട്ടത്തിൽ കാണിച്ച കരുതൽ മാതൃകാപരമാണ്. ഇതോടൊപ്പം, ഇന്ത്യൻ എംബസിയുടെയും അംബാസഡർ പിയൂഷ് ശ്രീവാസവയുടെയും പിന്തുണയും പ്രോത്സാഹനവും മറക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ നിർലോഭമായ സഹകരണം കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാറ്റിനുമുപരി, നിസ്വാർഥരായ കെ.എം.സി.സി പ്രവർത്തകരുടെ അധ്വാനവും വിയർപ്പുമാണ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറക്ക് നേതൃതലത്തിലേക്ക് ഉയർന്നുവരാനുള്ള സന്ദർഭമാണ് ഇതെന്നും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഡോ.എം.കെ. മുനീർ എം.എൽ.എയാണ് നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും സമാപനവും നിർവഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടുസ മുണ്ടേരി, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീൻ വെള്ളികുളങ്ങര, ഗഫൂർ കയ്പ്പമംഗലം, ഷാഫി പാറക്കട്ട, കെ.യു. ലത്തീഫ്, സെക്രട്ടറിമാരായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഒ.കെ. കാസിം, എം.എ. റഹ്മാൻ എന്നിവരാണ് നിലവിലെ സംസ്ഥാന കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.