എൽ.എം.ആർ.എയുടെ സേവനങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ഇവിടെ വരുന്നതിനുള്ള തൊഴിൽ വിസ
ബഹ്റൈനിൽ ഒരു തൊഴിൽ ലഭിച്ചാൽ ഇവിടെ വന്ന് ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും ഒരു തൊഴിൽ വിസയും താമസവിസയും വേണം. തൊഴിൽ വിസ ഇവിടെ വരുന്നതിനു മുമ്പേ എടുക്കേണ്ടതാണ്. അത് തൊഴിലുടമയുടെ കടമയാണ്. വന്നതിനുശേഷം സി.പി.ആർ, താമസവിസ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ എടുക്കണം. ഇതെല്ലാം തൊഴിലാളിക്കുവേണ്ടി ചെയ്യുന്നത് തൊഴിലുടമയാണ്. തൊഴിൽ വിസയിൽ എയർപോർട്ടിൽ വരുമ്പോൾതന്നെ മെഡിക്കൽ അപ്പോയ്മെന്റ്, സി.പി.ആർ അപ്പോയ്മെന്റ് ഒക്കെ എൽ.എം.ആർ.എ സെന്ററിൽനിന്നു ലഭിക്കും. അതുപോലെ താമസവിസയും പ്രിന്റ് ചെയ്തുതരും. ഇപ്പോൾ താമസവിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നില്ല. നേരത്തേ പാസ്പോർട്ടിൽ വിസ അടിച്ചിരുന്നു.
തൊഴിൽ വിസ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
1. പാസ്പോർട്ട് കോപ്പി (ആദ്യത്തെ ഒന്ന്, രണ്ട് പേജുകൾ, അവസാന പേജ്), പഴയ പാസ്പോർട്ട് ഉണ്ടെങ്കിൽ അതിന്റെ നമ്പർ രേഖപ്പെടുത്തിയ പേജും നൽകണം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.
2. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
പുതുതായി വരുന്ന തൊഴിലാളി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള നാട്ടിലെ ആശുപത്രിയിൽനിന്നു മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി നൽകണം. ഇന്ത്യയിലെ എല്ലാ മുഖ്യ നഗരങ്ങളിലും ഇതിന് അധികാരപ്പെടുത്തിയ ക്ലിനിക്കുകളും ആശുപത്രികളുമുണ്ട്. വിസിറ്റ്വിസ, ബിസിനസ് വിസ എന്നിവയിൽ വന്ന് തൊഴിൽ വിസയിലേക്കു മാറുകയാണെങ്കിൽ ഇവിടെ വന്ന് ഏതെങ്കിലും ആശുപത്രിയുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മതി.
3. തൊഴിൽ കരാർ
തൊഴിലാളിയും തൊഴിലുടമയും തമ്മിലെ തൊഴിൽ കരാർ കമ്പനിയുടെ ലെറ്റർ ഹെഡിലോ ഗവൺമെന്റ് സ്റ്റാമ്പ് പേപ്പറിലോ ആയിരിക്കണം ഉണ്ടാക്കേണ്ടത്. ഇംഗ്ലീഷിലോ അറബി ഭാഷയിലോ ആയിരിക്കണം തൊഴിൽ കരാർ. തൊഴിലാളിയും തൊഴിലുടമയും അതിൽ ഒപ്പിടണം. തൊഴിലുടമയുടെ സീൽ ഉണ്ടായിരിക്കണം.
തൊഴിൽ കരാറിൽ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ വിശദാംശങ്ങൾ: തൊഴിലുടമയുടെയും തൊഴിലാളിയുടെയും പേരും മേൽവിലാസവും, കമ്പനിയുടെ സി.ആർ നമ്പർ, തൊഴിലാളിയുടെ നാഷനാലിറ്റിയും പാസ്പോർട്ട് നമ്പറും, ജോലി, ശമ്പളം കരാറിന്റെ കാലാവധി, നോട്ടീസ് സമയം, പ്രൊബേഷൻ കാലാവധി (ഇത് മൂന്നു മാസത്തിൽ കൂടരുത്). മറ്റ് ഏതെങ്കിലും വ്യവസ്ഥകൾ ഉണ്ടെങ്കിൽ അതും ചേർക്കണം. തൊഴിൽ കരാറിന് നിയമസാധുത ഉണ്ടാകണമെങ്കിൽ തൊഴിൽ വിസ കിട്ടിയിരിക്കണം.
ഇവിടെയുള്ള തൊഴിലാളിക്കാണ് തൊഴിൽ വിസക്ക് അപേക്ഷിക്കുന്നതെങ്കിൽ മൊബിലിറ്റി നിയമപ്രകാരമുള്ള രേഖകൾകൂടി സമർപ്പിക്കേണ്ടതാണ്. മറ്റേതെങ്കിലും അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണെങ്കിൽ അതും നൽകണം.
ഇത്രയും രേഖകൾ തൊഴിലുടമ എൽ.എം.ആർ.എയിൽ സമർപ്പിച്ചാൽ തൊഴിൽ വിസ ലഭിക്കും. വേറെ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.