എൽ.എം.ആർ.എയുടെ സേവനങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
1. തൊഴിൽ വിസ പുതുക്കൽ
ഒരു തൊഴിൽ വിസയുടെ കാലാവധി ഒരുവർഷം അല്ലെങ്കിൽ രണ്ടുവർഷമാണ്. കാലാവധി കഴിയുമ്പോൾ അല്ലെങ്കിൽ അതിനുമുമ്പേ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ രണ്ടുവർഷത്തേക്കോ അത് പുതുക്കാൻ സാധിക്കും.
ഇത് തൊഴിലുടമയാണ് ചെയ്യുന്നത്. വിസ പുതുക്കാൻ പ്രത്യേക രേഖകൾ ഒന്നും നൽകേണ്ടതില്ല.
തൊഴിലുടമയുടെ എല്ലാ രേഖകളും അപ്ഡേറ്റ് ആയിരിക്കണം.
2.തൊഴിൽ വിസ റദ്ദാക്കൽ
തൊഴിലാളിയുടെ ജോലി തീരുമ്പോൾ അല്ലെങ്കിൽ കരാറിന്റെ കാലാവധി കഴിയുമ്പോൾ അതുമല്ലെങ്കിൽ തൊഴിൽ കരാർ റദ്ദു ചെയ്യുമ്പോൾ, ജോലി രാജി വെക്കുമ്പോൾ, തൊഴിലാളിയുടെ വിസ റദ്ദാക്കുന്നത് എൽ.എം.ആർ.എയാണ്. വിസ റദ്ദ് ചെയ്താൽ 30 ദിവസം വരെ ഇവിടെ താമസിക്കാം.
അതിനുമുമ്പേ വേറെ വിസ എടുക്കുകയോ പുതിയ ജോലി കിട്ടുകയോ ചെയ്തില്ലെങ്കിൽ ഇവിടെനിന്നും നാട്ടിലേക്ക് തിരികെപ്പോകണം. വിസ ഇല്ലാതെ ഇവിടെ താമസിക്കാൻ പാടില്ല.
3. ഫാമിലി വിസ( dependendent visa)
ഫാമിലി വിസ നൽകുന്നതും അത് പുതുക്കുന്നതും എൽ.എം.ആർ.എയാണ്. അതിനുള്ള അപേക്ഷ തൊഴിലുടമ മുഖേനയാണ് നൽകുന്നത്. 400 ദീനാറിൽ കുറയാത്ത ശമ്പളമുള്ള ഒരു തൊഴിലാളിക്ക് ഫാമിലി വിസ ലഭിക്കാൻ അർഹതയുണ്ട്. ഈ ശമ്പളം സോഷ്യൽ ഇൻഷുറൻസിൽ രേഖപ്പെടുത്തിയിരിക്കണം. മക്കളുടെ വിസ നൽകുന്നതും എൽ.എം.ആർ.എ തന്നെയാണ്. അത് 24 വയസ്സുവരെ നൽകും. അതിനുള്ള പ്രത്യേക രേഖകൾ സമർപ്പിക്കണം. മറ്റ് ബന്ധുക്കളുടെ (ഫാദർ, മദർ, ബ്രദർ, സിസ്റ്റർ) വിസകൾ നൽകുന്നത് ഇമിഗ്രേഷൻ മുഖേനയാണ്.
4.മൊബിലിറ്റി
ഒരു ജോലിയിൽനിന്ന് മറ്റൊരു ജോലിയിലേക്ക് മാറാനുള്ള സൗകര്യമാണ് മൊബിലിറ്റി.അല്ലെങ്കിൽ local transfer. ഇതിനുള്ള എല്ലാ പ്രവർത്തനങ്ങളും സേവനങ്ങളും നൽകുന്നത് എൽ.എം.ആർ.എയാണ്. കുറഞ്ഞത് ഒരു വർഷം ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്ത ശേഷം മാത്രമേ മൊബിലിറ്റി പ്രകാരം ജോലി മാറാൻ സാധിക്കുകയുള്ളു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.